കൊൽക്കത്ത- പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന സിനിമയുടെ നിരൂപണമെന്ന നിലയിൽ, പ്രധാനമന്ത്രിയുടെ പേര് വെളിപ്പെടുത്താതെയാണ് വിമർശനം. 'ഞാനും ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 'ഡിസാസ്ട്രസ് പ്രൈം മിനിസ്റ്റർ (ദുരന്തമായ പ്രധാനമന്ത്രി) എന്നാണ് പേര്.' കൊൽക്കൊത്തയിൽ തിയറ്റർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യവേ മമത പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ കേന്ദ്ര കഥാപാത്രമാക്കി ഇന്ന് പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ഓർമക്കുറിപ്പുകൾ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
'ഞാൻ കോൺഗ്രസ് പാർട്ടിയിൽ ഉള്ളയാളല്ല. പക്ഷേ ഈ ചെയ്തിരിക്കുന്നത് വളച്ചൊടിക്കലാണ്. തിരഞ്ഞെടുപ്പിന് മുൻപായി ഈ നാടകം കളിക്കുന്നവർ മറ്റൊരു ചിത്രം കൂടി കണ്ടിരിക്കുന്നതാണ് നല്ലത്.'ഡിസാസ്ട്രസ് പ്രൈം മിനിസ്റ്റർ'. വരും ദിവസങ്ങളിൽ അതും പ്രദർശിക്കപ്പെടും. ആരെയും വെറുതെ വിടില്ല.' മമത പറഞ്ഞു. ആളുകൾ പ്രധാനമന്ത്രിയെ 'ഗബ്ബാർ സിങ്ങിനെ പോലെയാണ് കാണുന്നതെന്ന് മമത പേര് എടുത്തു പറയാതെ വിമർശിച്ചു.
അതിനിടെ, സെൻട്രൽ കൊൽക്കൊത്തയിലെ തിയറ്ററിൽ പ്രദർശിപ്പിച്ച ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രം കോൺഗ്രസ് പ്രവർത്തകരുടെ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവച്ചു