ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ റിലീസായ സമയം, ഒരു പക്ഷെ 'ആക്‌സിഡെന്റൽ' അല്ലായിരിക്കും. പക്ഷെ ഈ സിനിമ ഒരു വൻ ആക്‌സിഡന്റാണെന്ന് പറയാതെ വയ്യ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന് അവകാശപ്പെടുന്ന സിനിമ, പക്ഷെ സിനിമയുടേതായ കൗശലങ്ങൾ ഉപയോഗിക്കുമ്പോൾ പോലും തുടക്കം മുതൽ തന്നെ ഒരു സൂചനയും നൽകാതെ തട്ടി വീഴുകയും എഴുന്നേൽക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ തരുന്നത്.
തുടക്കക്കാരനായ വിജയ് രത്‌നാക്കർ ഗട്ടെ, വ്യക്തമായ അജണ്ടയോടു കൂടി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ, കഷ്ടപ്പാടിന്റെ ഒരു അംശം പോലും കാണാനാകില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ പ്രവൃത്തി മണ്ഡലത്തിലുള്ള രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും യഥാർത്ഥ പേരുകൾ ഉപയോഗിക്കുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാകും ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ. അതുകൊണ്ട് ഈ സിനിമയെ ഒരു രാഷ്ട്രീയ സിനിമ എന്ന ലേബലിനോട് ചേർത്ത് വായിക്കാമോ...? യുക്തിപരമായി അതെ എന്ന് ഉത്തരം പറയാൻ തോന്നുമെങ്കിലും, അല്ല; ഈ സിനിമ അങ്ങേയറ്റം വിരസമാണ്.
ഡോ. മൻമോഹൻ സിങ് രണ്ടു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ഒരു അപരാധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 'കുടുംബം' എന്ന വാക്ക് ഉരുവിടുന്നത് ഒരുവട്ടമേ കേൾക്കുന്നുള്ളൂ 'മഹാഭാരതത്തിൽ രണ്ടു കുടുംബങ്ങളുണ്ട്, ഇന്ത്യയിൽ ഒന്നും.' രണ്ടാം പകുതിക്കൊടുവിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പറയുന്നു. സെൻസർ ബോർഡ് നിർദേശപ്രകാരം, മറ്റിടങ്ങളിലെല്ലാം ഈ വാക്ക് 'മ്യൂട്ട്' ചെയ്തിരിക്കുകയാണ്. എന്നാലും സിനിമ അതിന്റെ ഉദ്ദേശ്യത്തെ വെളിവാക്കുന്നില്ല.
2004 മുതൽ 2014 വരെ ദുർബലനായ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. അദ്ദേഹത്തെ റിമോട്ട് കണ്ട്രോൾ പോലെ നിയന്ത്രിച്ചിരുന്നത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയായിരുന്നു. ഇതൊക്കെയാണ് സിനിമ പറയുന്നത്. ചുരുക്കി പറഞ്ഞാൽ, അറിയാത്ത ഒരു കാര്യവും പറയാൻ സിനിമയ്ക്കായിട്ടില്ല. നാലു വർഷത്തോളം ഡോ.മൻമോഹൻ സിംഗിനോടൊപ്പം ഉണ്ടായിരുന്ന സഞ്ജയ് ബാരുവിന്റെ ഓര്മക്കുറിപ്പിൽ നിന്നെടുത്ത ഭാഗങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. സിനിമയെന്ന നിലയിലോ സമകാലീന ചരിത്രം എന്ന നിലയിലോ ഒന്നും കാഴ്ച വയ്ക്കാനില്ലാത്ത രീതിയിലാണ് അതിന്റെ അവതരണം.
ഒരു പ്രത്യേക പാർട്ടിയുടെ സോഷ്യൽ മീഡിയ സെല്ലിന്റെ കരവിരുതിൽ ഉണ്ടായ ചിത്രമാണ് എന്ന് ചിന്തിക്കുമ്പോൾ മാത്രമാണ് ഇതിൽ ന്യായം കണ്ടെത്താനാകുക. അല്ലാതെ, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന പദവിയിൽ നിന്ന് പ്രധാന മന്ത്രി പദത്തിലേക്കുയർന്ന, വളരെ മൃദുഭാഷിയായ ഒരു മനുഷ്യനെ ഇത്രയധികം തരം താഴ്ത്തി ചിത്രീകരിക്കാനുള്ള മറ്റു കാരണങ്ങളൊന്നും കാണുന്നില്ല.
അനുപം ഖേർ കഥാപാത്രത്തിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും ലളിതമായി പറഞ്ഞാൽ, അഭിനയം വിലപ്പോകുന്നില്ല. രൂപസാദൃശ്യം തോന്നാമെങ്കിലും, ബാറ്ററി വീക്കായ പാവയെ പോലെ, ഊർജമില്ലാതെ ചലിക്കുന്ന മൻ മോഹൻ സിങ്ങിനെയാണ് ഖേർ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഫലമെന്താണെന്നു വച്ചാൽ, രാഷ്ട്രീയത്തിൽ നിസ്സഹായനായ ഒരു സാമ്പത്തിക നിപുണനു പകരം പേടിച്ചരണ്ട, പരിഭ്രാന്തി പിടിച്ച ആളായി സിനിമയുടെ കേന്ദ്ര കഥാപാത്രം മാറുന്നു. ഇത് ഡോ.സിങ്ങിൻറെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന അഭിനയമാണ്.
സോണിയ ഗാന്ധിയായി ജർമൻ നടി സുസെയ്ൻ ബെർനെറ്റ് വേഷമിടുന്നു. സഞ്ജയ് ബാരുവിന്റെ കഥാപാത്രം അക്ഷയ് ഖന്നയാണ് അവതരിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയായി അർജുൻ മാതുറും വേഷമിടുന്നു. യാതൊരു വിധത്തിലുള്ള വൈവിധ്യവും ഇല്ലാത്തതെന്ന് മാത്രമല്ല, സത്യത്തെ തടിച്ച വര കൊണ്ട് മായ്ക്കുകയും ചെയ്ത സിനിമ കൂടിയാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ.
റേറ്റിംഗ് 1/5