ന്യൂദൽഹി- കോഫീ വിത്ത് കരൺ എന്ന ടി വി ഷോയിൽ, ക്രിക്കറ്റ് താരങ്ങളായ ഹർദീക് പാണ്ഡ്യയുടെയും കെ.എൽ. രാഹുലിന്റെയും സ്ത്രീ വിരുദ്ധ പ്രസ്താവനകൾ വിവാദമായതിനെ തുടർന്ന് ഹോട്ട് സ്റ്റാർ ഇരുവരുമായുള്ള എപ്പിസോഡ് നീക്കം ചെയ്തു. ഇന്നലെ വരെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡ് ഇനി മുതൽ ലഭ്യമായിരിക്കില്ല.
പ്രസ്താവനകൾ വിവാദമായതിനെ തുടർന്ന് ബി.സി.സി.ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഷോ നടക്കുമ്പോൾ അതിന്റെ താളത്തിനൊത്ത് പറഞ്ഞതാണെന്നും ആരുടേയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ലെന്നും ഹർദിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു തരണമെന്നും ട്വീറ്റിൽ പറയുന്നു.
ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് വീമ്പ് പറഞ്ഞതാണ് പാണ്ഡ്യയെ വെട്ടിലാക്കിയത്. തൻറെ മാതാപിതാക്കൾക്ക് ഇത്തരം ബന്ധങ്ങളെ കുറിച്ചറിയാമെന്നും എന്റെ ലൈംഗീക അഭിരുചികളെ വളരെ 'കൂൾ' ആയി ആണ് അവർ എടുക്കുന്നതെന്നുമായിരുന്നു പ്രസ്താവന.
ക്ലബ്ബുകളിൽ എന്ത് കൊണ്ടാണ് സ്ത്രീകളുടെ പേര് ചോദിക്കാത്തത് എന്ന കരണിന്റെ ചോദ്യത്തിന് 'ഞാൻ അവരുടെ (സ്ത്രീകളുടെ) ചലനങ്ങൾ നിരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. പിൻഭാഗമാണ് എന്നെ കൂടുതൽ ആകർഷിപ്പിക്കുക. ആ രീതിയിൽ അവരുടെ ചലനങ്ങൾ കാണാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു.' ഇതായിരുന്നു പാണ്ഡ്യയുടെ മറുപടി.
കടുത്ത വിമർശനങ്ങളാണ് ട്വിറ്ററിൽ പാണ്ഡ്യ നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് സീരീസിൽ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് ഇപ്പോൾ പാണ്ഡ്യ.