Sorry, you need to enable JavaScript to visit this website.

യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യം നാളെ പ്രഖ്യാപിച്ചേക്കും

ലഖ്‌നൗ- ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ ഒന്നിച്ചു മത്സരിക്കുന്നത് സംബന്ധിച്ച് സമാജ് വാദി പാർട്ടിയും ബി.എസ്.പിയും നാളെ പ്രഖ്യാപനം നടത്തും. ഇരുവരും നാളെ സംയുക്ത പത്രസമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷ. ഇരുപാർട്ടി നേതാക്കളും സഖ്യം സംബന്ധിച്ച് ഒരാഴ്ചയായി ചർച്ച നടത്തി വരികയായിരുന്നു. കോൺഗ്രസിനെ ഉൾപ്പെടുത്താതെ ഇരുപാർട്ടികളും യു.പിയിൽ മഹാസഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഖനി അഴിമതിയിൽ അഖിലേഷ് യാദവിനെ കുരുക്കാനുള്ള നീക്കം കേന്ദ്രം സി.ബി.ഐ വഴി നടത്തിരുന്നു. അഖിലേഷിനെ കുരുക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയ മായാവതി പേടിക്കരുതെന്നായിരുന്നു ഇത് സംബന്ധിച്ച് അഖിലേഷിനെ ഉപദേശിച്ചത്. 1995-ൽ സമാജ് വാദി പാർട്ടി പ്രവർത്തകർ അക്രമിച്ചത് മറക്കരുതെന്ന് ആഗ്രയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി മോഡി മായാവതിയെ പ്രധാനമന്ത്രി മോഡി ഓർമ്മിപ്പിച്ചിരുന്നു. മോഡി യു.പിയിലെ സഖ്യത്തെ ഭയപ്പെടുന്നുവെന്നായിരുന്നു ഇത് സംബന്ധിച്ച് അഖിലേഷ് യാദവിന്റെ മറുപടി. രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിലും സോണിയ ഗാന്ധിയുടെ റായ് ബറേലിയിലും എസ്.പി-ബി.എസ്.പി സഖ്യത്തിന് സ്ഥാനാർഥികളുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പി സഖ്യം 80-ൽ 73 സീറ്റുകളും തൂത്തുവാരിയിരുന്നു. 2017-ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി-കോൺഗ്രസ് സഖ്യത്തിന് അധികാരത്തിലെത്താനായിരുന്നില്ല.
 

Latest News