Sorry, you need to enable JavaScript to visit this website.

ഹർത്താലുകൾക്ക് ബൈ ബൈ

യു.എസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ വാരത്തിൽ സ്വന്തം പൗരന്മാർക്ക് ഒരു മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്ക് പോകുന്നതൊക്കെ കൊള്ളാം. കഴിവതും കേരളം സന്ദർശിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ എന്നീ യുദ്ധ മേഖലകളിൽ ഈ നൂറ്റാണ്ട് പിറന്ന ശേഷമുള്ള വിശേഷം ഏവർക്കുമറിയാം. സംഘർഷ ഭൂമികളായിരുന്ന ഈ രാജ്യങ്ങൾക്കൊപ്പം കേരളവമുൾപ്പെടുന്ന സാഹചര്യം എങ്ങനെയുണ്ടായെന്നത് എല്ലാ മലയാളികളും ചിന്തിക്കേണ്ട വിഷയമാണ്. 2018 ൽ സംസ്ഥാനത്ത് 97 ഹർത്താലുകളാണ് മലയാള നാട് അനുഭവിച്ചത്. ശബരിമല വിഷയത്തിൽ അര ഡസൻ ഹർത്താലുകൾ നടത്തിയ പാർട്ടി വേണമെങ്കിൽ സെഞ്ചുറി അടിക്കാനും തയാറായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഹർത്താൽ വിരുദ്ധ വികാരം അലയടിക്കുന്നത് മനസ്സിലാക്കിയാണ് അതിന് നിൽക്കാതിരുന്നത്. അത് മാത്രവുമല്ല കാര്യം. ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം ഈടാക്കുമെന്നതും സ്വാധീനിച്ചിരിക്കാം. അത് കഴിഞ്ഞ് പുതുവർഷം പിറന്നപ്പോൾ ആദ്യ ദിനം വനിതാ മതിൽ, രണ്ടാമത്തെ ദിവസം ശബരിമലയിൽ യുവതി പ്രവേശം. അത് കഴിഞ്ഞപ്പോഴതാ വരുന്നു വീണ്ടും ഹർത്താൽ. ജനുവരി മൂന്നിന് കേരളത്തിൽ ഹർത്താലിന്റെ മറവിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിലും അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. 
തൊട്ടു മുൻ വർഷം ഹർത്താലിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടതിനാൽ ഇത്തരം സമരാഭാസത്തിനെതിരെ പൊതു വികാരം ശക്തമായിരുന്നു. അതു കൊണ്ട് തന്നെ ഹർത്താലിൽ സഹകരിക്കില്ലെന്ന് പല സംഘടനകളും പ്രസ്താവനയിറക്കുകയും ചെയ്തു. ആലപ്പുഴയിൽ യോഗം ചേർന്ന കേരള പൗൾട്രി ഓണേഴ്‌സ് അസോസിയേഷൻ ചിക്കൻ ഷോപ്പുകൾ ഇനി ഹർത്താലിന് അടക്കില്ലെന്ന് പ്രഖ്യാപിച്ചു. മിന്നൽ ഹർത്താലിൽ അപ്രതീക്ഷിത നഷ്ടം വരുന്ന വിഭാഗങ്ങളിലൊന്നാണിത്. ഇക്കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച ഹർത്താലുകളിലൊരെണ്ണം ജനമറിഞ്ഞത് നേരം വെളുത്ത ശേഷമാണ്. പത്രങ്ങളെല്ലാം അച്ചടിച്ചിറങ്ങിയ ശേഷമാണ് സംഘാടകർ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. ശബരിമലയിൽ കുഴപ്പമുണ്ടാക്കാനെത്തിയ ഒരു വനിതാ നേതാവിനെ കസ്റ്റഡിയിലെടുത്തതിന്റെ പ്രതിഷേധമായിരുന്നു അത്. 
കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് വൻകിട വ്യവസായ സംരംഭങ്ങൾക്ക് സാധ്യത കുറവാണ്. നമുക്ക് പ്രതീക്ഷയുള്ള ഒരു മേഖലയാണ് ടൂറിസം വ്യവസായം. ആവർത്തിക്കപ്പെടുന്ന ഹർത്താലുകൾ ടൂറിസ്റ്റുകളെ കേരളത്തിൽ നിന്ന് അകറ്റിയെന്നാണ് സ്ഥിതിവിവര  കണക്കുകൾ സൂചിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിസന്ധി നേരിട്ടു വരുന്ന വിനോദ സഞ്ചാര മേഖലയെ തകർക്കുന്നതാണ് ഇത്തരം സാഹചര്യം. 
കഴിഞ്ഞ വർഷം മധ്യത്തിൽ നിപ്പ വൈറസ് ബാധയാണ് കേരളത്തിന്റെ ടൂറിസത്തിന് വിനയായത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മേഖലയിൽ തുടക്കം കുറിച്ച നിപ്പയുടെ ഭീതിയിലാണ് ജൂലൈ മാസം പിന്നിട്ടത്. അടുത്ത മാസമാണ് നൂറ്റാണ്ടിലെ മഹാ പ്രളയം കേരളത്തെ വിഴുങ്ങാനെത്തിയത്. ടൂറിസ്റ്റുകൾ സന്ദർശിക്കാൻ താൽപര്യപ്പെടുന്ന കൊച്ചിയും ആലപ്പുഴയും മൂന്നാറും തൃശൂരും നിശ്ചലമായി. മഴ തകർത്തു പെയ്തപ്പോൾ കേരളത്തിന്റെ ടൂറിസം മേഖല നിശ്ചലമായി. അത് കഴിഞ്ഞ് വീണ്ടും സജീവമാകാനിരിക്കേയാണ് ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെട്ടത്.  അക്രമാസക്തമായ പ്രതിഷേധങ്ങളും ആവർത്തിക്കപ്പെടുന്ന ഹർത്താലുകളും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു. 
ഈ സാഹചര്യത്തിലാണ് കേരളത്തിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും അമേരിക്കയും നിർദേശിച്ചത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി ഉണ്ടായതിനെ തുടർന്ന് രണ്ടു സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് കേരളത്തിലുടനീളം ആക്രമണത്തോടെയുള്ള പ്രതിഷേധങ്ങൾ നടക്കുന്നതായി യു.എസ് കോൺസുലേറ്റിന്റെ മുന്നറിയിപ്പിലുണ്ട്. 
ഓഗസ്റ്റിൽ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ  നിർദേശം നൽകിയിരുന്നു. കേരളത്തിലെ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് മുംബൈയിലെ സൗദി കോൺസുലേറ്റ് പൗരന്മാർക്ക് നിർദേശം നൽകിയത്. 
പ്രളയത്തെ തുടർന്ന് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായിരുന്നു. നവംബറോടു കൂടി വീണ്ടും സഞ്ചാരികൾ കേരളത്തിൽ എത്തിത്തുടങ്ങിയത് പ്രതീക്ഷയ്ക്ക് വക നൽകിയതാണ്. 
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹർത്താൽ വിനോദ സഞ്ചാരികളുടെ യാത്ര താറുമാറാക്കുന്നതാണ്. ഇതു തന്നെയാണ് കേരളത്തിന്റെ ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയും.  തിരക്കുകളിൽ നിന്ന് അവധിയെടുത്ത് സമാധാനത്തോടെ കുറച്ച് ദിവസങ്ങൾ ചെലവഴിക്കാനാണ് സഞ്ചാരികൾ കേരളത്തിൽ എത്തുന്നത്. വിദേശ ടൂറിസ്റ്റുകൾ നേരിടുന്ന അവസ്ഥയ്ക്ക് സമാനമാണ് ചെറിയ അവധിക്ക് പ്രധാന കാര്യങ്ങൾ നിറവേറ്റാൻ കേരളത്തിലെത്തുന്ന പ്രവാസികളുടെ കാര്യവും. രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ആചാരം അരങ്ങേറിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ കുടുങ്ങി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ ഈ ദിവസങ്ങളിൽ നിശ്ചലമായിരുന്നു. ഒരൊറ്റ ടൂറിസ്റ്റും കിഴക്കിന്റെ വെനീസിലെത്തിയില്ല. മക്കളുടെ അഡ്മിഷൻ, ബന്ധുക്കളുടെ ചടങ്ങുകൾ, വാഹന-സ്വത്ത് രജിസ്‌ട്രേഷൻ എന്നീ ഉദ്ദേശ്യങ്ങളോടെ രണ്ടാഴ്ചത്തെ അവധിക്കെത്തിയ പ്രവാസി നാലും അഞ്ചും ദിവസം വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം ആരാണ് ഇഷ്ടപ്പെടുക? നികുതിദായകരുടെ യാത്രയും ജീവിതവും നിശ്ചലമാക്കിയതിലൂടെ ശബരിമലയിൽ പ്രവേശിച്ച വനിതകളെ മുൻകാല പ്രാബല്യത്തോടെ പുറത്താക്കാൻ കഴിയുകയുമില്ല. കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ രണ്ട് ദിവസമാണ് പൊതു പണിമുടക്ക് നടത്തിയത്. പണിമുടക്ക്, പ്രതിഷേധം എന്നൊക്കെ പേരിട്ട് വിളിച്ചാലും അനുഭവം ഒരു പോലെയാണെന്ന് മലയാളികൾക്കറിയാം. 
കേരളത്തിൽ ട്രെയിനുകൾ തടഞ്ഞായിരുന്നു പ്രതിഷേധം. പരശുരാമും വേണാടും എത്ര മണിക്കൂറുകൾ വൈകിയെന്ന് അന്വേഷിച്ചയാരിക്കില്ല മോഡിയും കൂട്ടരും പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നത്. 
കേരള ഹൈക്കോടതിയുടെ ഇടപെടൽ പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്. ഹർത്താലും പൊതുപണിമുടക്കും പ്രഖ്യാപിക്കുന്നതിനു മുമ്പ് ഏഴു ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നാണ്  ഹൈക്കോടതി നിർദേശിച്ചത്.  നോട്ടീസ് നൽകാത്ത പക്ഷം കോടതിയലക്ഷ്യത്തിനു പുറമെ, നാശനഷ്ടങ്ങൾ ഉൾപ്പെടെ എല്ലാ ബാധ്യതകൾക്കും സംഘാടകർ ഉത്തരവാദികളാകുമെന്ന് കോടതി വ്യക്തമാക്കി. 
ഹർത്താലുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് ചെയർമാൻ ബിജു രമേശും മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളവും സമർപ്പിച്ച പൊതുതാൽപര്യ ഹരജികളാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർത്താലിനോടും പണിമുടക്കിനോടും അനുബന്ധിച്ചുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും ഉത്തരവാദികളായിരിക്കും. ഹർത്താൽ പോലുള്ള സമര മുറകൾ നിയന്ത്രിക്കുന്നതിന് നിയമം ഇല്ലെന്നും ഇതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ അനുഭവിക്കുകയാണെന്നും കോടതി പറഞ്ഞു. നിയമം നിർമിക്കണമെന്ന് ലോ കമ്മീഷൻ ശുപാർശ ഉണ്ടായിട്ടും സർക്കാരുകൾ അവ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർത്താലും പണിമുടക്കും പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും മുൻകൂർ നോട്ടീസ് ഉണ്ടെങ്കിൽ ഇത്തരം സമര മുറകളുടെ നിയമ സാധുത ചോദ്യം ചെയ്ത് പൗരന് കോടതിയെ സമീപിക്കാൻ സാവകാശം കിട്ടുമെന്നും കോടതി അഭിപ്രായപ്പെട്ടു. മുൻകൂർ നോട്ടീസ് പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർക്ക് കരുതൽ നടപടികൾ സ്വീകരിക്കാൻ അവസരമുണ്ടാക്കും. ഹർത്താലുകൾ പൗരന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കോടതി ഹർത്താൽ പ്രഖ്യാപിക്കുന്ന സംഘടനകളുടെ അവകാശത്തേക്കാൾ വലുതാണ് പൊതുസമൂഹത്തിന്റെ അവകാശങ്ങൾ എന്നും വിലയിരുത്തിയെന്നത് ശ്രദ്ധേയമാണ്. ഹർത്താലുകൾ മൂലം സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടവും ജനങ്ങൾക്ക് ദുരിതവും ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഇത്തരം സമര മുറകൾ അംഗീകരിക്കാനാവില്ല. ഹർത്താലിനെതിരെ ജനമുന്നേറ്റം സർക്കാർ കാണുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ജനങ്ങളുടെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും കോടതി. ഹർത്താലിനെതിരെയുള്ള സർക്കാർ നടപടികൾ തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. 
ഏറ്റവും ഒടുവിൽ അരങ്ങേറിയ ഹർത്താലിൽ കടകൾ തുറക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയാറായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ കടകൾ തുറക്കാൻ എത്തിയപ്പോൾ വേണ്ട സംരക്ഷണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. ഭരണ കക്ഷി എം. എൽ.എയുടെ പ്രസ്താവനയിലെ നീരസത്തിൽ നിന്ന് ഇത് വ്യക്തമാണ്. സ്വകാര്യ സ്വത്ത് സംരക്ഷണവും പ്രധാനമാണ്. ഈ ദിശയിലെ പ്രധാന ചുവടുവെപ്പാണ് 'കേരളാ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻറ് പെയ്‌മെൻറ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019' മന്ത്രിസഭയുടെ തീരുമാനം  ഗവർണർ അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ കേന്ദ്ര നിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നത് തടയാനുളള നിയമവ്യവസ്ഥകൾ ഫലപ്രദമല്ല എന്നു കണ്ടതുകൊണ്ടാണ് പുതിയ നിയമമുണ്ടാക്കിയത്. 
ടെലിവിഷൻ ചാനലുകളിൽ സഞ്ചാരം പരിപാടി നടത്തുന്ന മലയാളി സന്തോഷ് ജോർജ് കുളങ്ങര ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ടി.വി സംവാദത്തിൽ ബന്ദ്, ഹർത്താൽ എന്നിവയെ കുറിച്ച് പരാമർശിച്ചത് ശ്രദ്ധേയമായി. ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരമൊരു പ്രതിഷേധ രീതി കാണാനായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപരിഷ്‌കൃതവും ജനദ്രോഹപരവുമായ പ്രതിഷേധ രീതി ഉപേക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വം തയാറാവുമെന്ന് പ്രതീക്ഷിക്കാം. 

Latest News