Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകളെ എങ്ങനെ വീഴിക്കാമെന്ന  ചിന്തയോടെ വൈദികര്‍-  സിസ്റ്റര്‍ ലൂസി

മാനന്തവാടി: കത്തോലിക്കാ സഭയിലെ പൗരോഹിത്യ മേല്‍ക്കോയ്മയ്‌ക്കെതിരേ പോരാടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ 'മീ ടൂ'വെളിപ്പെടുത്തല്‍. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വൈദികര്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.  വൈദികര്‍ കല്യാണം കഴിക്കണം. എന്നെ കുഴിയില്‍ വീഴിക്കാന്‍ പല തവണ ശ്രമമുണ്ടായി. കെണിയില്‍പ്പെടാതെ രക്ഷപ്പെട്ടതിനാലാണു വൈദികര്‍ നടത്തുന്ന ലൈംഗികചൂഷണത്തിനെതിരായി ശക്തമായി പ്രതികരിക്കാന്‍ സാധിക്കുന്നത്' ഏതെങ്കിലും വൈദികരുടെ പേര് വെളിപ്പെടുത്താതെ സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീകളെ കാണുമ്പോള്‍ എങ്ങനെ വീഴിക്കാമെന്ന ചിന്തയോടെ പല വിധത്തിലാണ് മിക്ക വൈദികരും ഇടപെടുന്നത്. ഇതില്‍ വീണുപോകുന്ന കന്യാസ്ത്രീകളുണ്ട്. ഒത്തിരി വൈദികരുടെയും ഇരകളാക്കപ്പെട്ട കന്യാസ്ത്രീകളുടെയും കഥകള്‍ അറിയാം. മിക്ക വൈദികരും ഒരു പരിധി വരെ തെറ്റായാണു ജീവിക്കുന്നത്. 
ആണും പെണ്ണുമുള്ളിടത്തോളം ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബ്രഹ്മചര്യം പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനിയുള്ള കാലം കത്തോലിക്കാ സഭയില്‍ വൈദികര്‍ ഒറ്റയ്ക്കു നില്‍ക്കുന്ന സാഹചര്യം മാറണം, കല്യാണം കഴിക്കണം. തങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ ധൈര്യമുള്ള വൈദികരുണ്ടോയെന്നു വെല്ലുവിളിക്കുന്നു.
ഫോണ്‍ പോലീസിനു കൈമാറാന്‍ ധൈര്യമുള്ള എത്ര വൈദികരുണ്ടു കേരളത്തില്‍, അവര്‍ ചോദിച്ചു.  എന്റെ ഫോണ്‍ കൈമാറാന്‍ തയാറാണ്, ഞാനിതുവരെ വഴിവിട്ടു ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് ചൂഷണങ്ങള്‍ക്കെതിരേ പോരാടാന്‍ സാധിക്കുന്നത്. ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം നേരിടുന്ന ചൂഷണങ്ങളില്‍ മനംമടുത്താണ് ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചത്' ഇക്കാര്യങ്ങള്‍ ഒരു കോട്ടയം പത്രമാണ്  റിപ്പോര്‍ട്ട് ചെയ്തത്. 


 

Latest News