നിങ്ങൾക്കിഷ്ടമുള്ള സന്ദർഭങ്ങളുടെയും വ്യക്തികളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കവെക്കുന്നത് നല്ലതു തന്നെ. കുഞ്ഞുങ്ങളുടെ ഫോട്ടോകൾ കാണാനും ലൈക്കുകൾ കൊടുക്കാനും എല്ലാവർക്കും ഇഷ്ടമാണ്. അവരുടെ ചില ഫോട്ടോകൾ ഒരു പക്ഷെ അനാവശ്യമായ അസ്വസ്ഥതയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിച്ചേക്കാം. താഴെ പറയുന്ന തരത്തിലുള്ള കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കുന്നത് ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും.
1. വസ്ത്രമില്ലാത്ത ഫോട്ടോകൾ
കുട്ടികൾ വസ്ത്രമില്ലാതെ കുളിക്കുന്നത് കൗതുകമായി തോന്നി അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ അവരുടെ സ്വകാര്യതയിൽ കൈ കടത്തുകയാണ്, മാത്രമല്ല, അവ ഇന്റർനെറ്റിൽ പതിയിരിക്കുന്ന കാമവെറിയന്മാർക്ക് ഒരു ഇരയായേക്കാം. ഇത്തരത്തിലുള്ള ഫോട്ടോകൾ പല രീതിയിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ട്.
2. രോഗം വന്നതോ സുഖമില്ലാത്തതോ ആയ ഫോട്ടോകൾ
സിംപതി കിട്ടുമെന്ന് കരുതി കുട്ടികൾ സുഖമില്ലാതെ കിടക്കുന്ന ഫോട്ടോകൾ ഇട്ടാൽ ചിലപ്പോൾ വിപരീത ഫലമായിരിക്കും. അത്തരം ഫോട്ടോകൾ സിംപതിക്കു പുറമെ ധാരാളം കുറ്റപ്പെടുത്തലുകളും ക്ഷണിച്ചു വരുത്തിയേക്കാം. ഒരു പക്ഷെ കുട്ടിക്ക് അസുഖം മൂർച്ഛിച്ചാൽ അത് ശ്രദ്ധക്കുറവാണെന്ന പരാതിയും കേൾക്കേണ്ടി വരും. മാത്രമല്ല, സുഖമില്ലാത്ത മുഖം ആളുകൾ കണ്ടു എന്ന വിഷമവും ഒരു പക്ഷെ കുട്ടിക്കുണ്ടാകും. അത് നിങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയേക്കാം.
3. കളിയാക്കുന്നതോ പഠിപ്പിക്കുന്നതോ ആയ ഫോട്ടോകൾ
ഓർക്കുക, കുട്ടികൾക്കും ആത്മാഭിമാനമുണ്ട്. അവരെ തടിച്ചതാണെന്നോ കറുത്തതാണെന്നോ പറഞ്ഞാൽ മനസ്സിലാകാത്തവരാണെന്നോ ഉള്ള രീതിയിൽ തുറന്നു കാണിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയുന്നതു പോലെ തോന്നിയേക്കാം. ചിലപ്പോൾ വ്യക്തിത്വ വികസനത്തിൽ അതൊരു ഗുരുതര പ്രശ്‌നമായി മാറാനും സാധ്യതയുണ്ട്.
4. സ്വകാര്യ വിവരങ്ങൾ വെളിവാക്കുന്ന ഫോട്ടോകൾ
സ്‌കൂളിലെ പരിപാടിയുടെയോ അവർ ഒന്നാം സ്ഥാനം നേടിയതോ ആയ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അവരുടെ സ്‌കൂളിന്റെ അല്ലെങ്കിൽ അവരെ കൂടുതൽ മനസിലാക്കാൻ പറ്റുന്ന വിവരങ്ങളുള്ള ഫോട്ടോകൾ ക്രോപ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തതിനു ശേഷം ഇടുക. അല്ലാത്ത ഫോട്ടോകൾ ഓൺലൈനിൽ പതിയിരിക്കുന്ന കള്ളന്മാർക്കും കിഡ്‌നാപ്പർമാർക്കും വിവരങ്ങൾ അറിയാൻ എളുപ്പമായിരിക്കും.
5. ടോയ്‌ലെറ്റ് ഉപയോഗിക്കുന്ന ഫോട്ടോകൾ
നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നില്ലെങ്കിൽ പിന്നെ അവരുടെ എന്തിന്..? കുട്ടി ടോയ്‌ലെറ്റ് ഉപയോഗിക്കാൻ തുടങ്ങുന്നത് നല്ലതു തന്നെ. നിങ്ങളെ സംബന്ധിച്ച് അവരുടെ നേട്ടമായി അത് തോന്നിയേക്കാം. പക്ഷെ ഓർക്കുക, അത് സ്വകാര്യമായ കാര്യമാണ്. നാണക്കേടുണ്ടാക്കുന്നതും.
6. മറ്റു കുട്ടികളോടൊത്തുള്ള ഫോട്ടോകൾ
കുട്ടിയുടെ സുഹൃത്തുക്കളുമായോ കസിനുകളുമായോ കളിക്കുന്നതും സമയം ചിലവാക്കുന്നതുമൊക്കെ പോസ്റ്റുന്നതിന് ഒരു കുഴപ്പവുമില്ല. പക്ഷെ അവരുടെ മാതാപിതാക്കളോട് ചോദിച്ചിട്ടാണ് എപ്പോഴും ഉത്തമം. കുട്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനോട് അവർക്ക് വിയോജിപ്പുണ്ടെങ്കിൽ ഇടാതിരിക്കുക.
7. കുട്ടിയെ ഉപദ്രവിക്കുന്നതോ ട്രോൾ ചെയ്യുന്നതോ ആയ ഫോട്ടോകൾ
ഓർക്കുക, അവരെ ഉപദ്രവിക്കുന്ന, ട്രോൾ ചെയ്യുന്ന ഫോട്ടോകൾ അവരുടെ ആത്മാഭിമാനത്തെ തകർക്കുന്നു.
8. സുരക്ഷിതമല്ലാത്ത ഫോട്ടോകൾ
കുട്ടി സിഗരറ്റ് കൂടു കൊണ്ട് കളിക്കുന്നതു ബിയർ കുപ്പി കുടിക്കാൻ ശ്രമിക്കുന്നതു ( ചിലപ്പോൾ ഗർഭ നിരോധന ഉറ കൊണ്ട് കളിക്കുന്നതോ) ആയ ഫോട്ടോകൾ പോസ്റ്റ് ചെയ്യാതിരിക്കുക. വിമർശനങ്ങൾക്കു പുറമെ സൈബർ കേസ് വരെ തേടിയെത്തിയേക്കാം.