ന്യൂദല്‍ഹി- ഇന്ത്യയിലുടനീളം സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി ഭാഷാ നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കരടു നയരേഖ. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ കസ്തൂരിരംഗന്‍ കമ്മിറ്റിയുടേതാണ് ഈ ശുപാര്‍ശ. ഇതു കൂടാതെ സയന്‍സ്, മാത്തമാറ്റിക്‌സ്് വിഷയങ്ങള്‍ക്കും രാജ്യത്തുടനീളം ഏകീകൃത സിലബസ് വേണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കമ്മിറ്റി റിപോര്‍ട്ട് താമസിയാതെ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ഗോത്ര ഭാഷകള്‍ക്ക് ദേവനാഗ്‌രി ലിപി വികസിപ്പിക്കണമെന്നും സുപ്രധാന ശുപാര്‍ശകളിലുണ്ട്.
ഒമ്പതംഗ കമ്മിറ്റിയാണ് കരട് നയരേഖ തയാറാക്കിയത്. സ്‌കൂളുകളില്‍ ഇന്ത്യാ കേന്ദ്രീകൃത, ശാസ്ത്രീയ പഠന സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് പുതിയ നയം രൂപീകരിക്കുന്നത്. കമ്മിറ്റി തയാറാക്കിയ കരട് രേഖ മാനവശേഷി മന്ത്രാലയത്തിന് കഴിഞ്ഞ മാസം കൈമാറിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ റിപോര്‍ട്ട് ഔദ്യോഗികമായി കൈമാറും. ഇതിനു ശേഷമെ റിപ്പോര്‍ട്ട് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശം തേടുന്നതിന് പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
റോമന്‍ അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഗോത്ര ഭാഷകള്‍ക്ക് ദേവനാഗ്‌രി ലിപി വികസിപ്പിക്കുമെന്നും ഈ രേഖ പറയുന്നു. മിഷനറിമാരുടെ സ്വാധീനം കാരണമാണ് ഈ ഭാഷകര്‍ക്ക് റോമന്‍ ലിപി ലഭിച്ചത്. ഇതു മാറ്റി ഇന്ത്യന്‍ ലിപി നല്‍കാനാണു കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്.