ന്യൂദല്‍ഹി- മുന്നോക്ക വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ 10 ശതമാനം സംവരണം വിഭാവനം ചെയ്യുന്ന സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസ്സാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ചില പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയാണ് ഏഴിനെതിരെ 165 വോട്ടുകള്‍ക്ക് ബില്‍ പാസ്സായത്.
ബില്ലിന് വ്യാപക പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. ആവേശകരമായ ചര്‍ച്ചക്കാണ് രാജ്യസഭ സാക്ഷ്യം വഹിച്ചതെന്നും നിരവധി അംഗങ്ങള്‍ ഉള്‍ക്കാഴ്ചയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നും മോഡി പ്രശംസിച്ചു.
മുസ്‌ലിം ലീഗ്, ഡി.എം.കെ. ആം ആദ്മി പാര്‍ട്ടി എംപിമാരാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. അണ്ണാ ഡി.എം.കെ വിട്ടുനിന്നു. ചൊവ്വാഴ്ച ലോക്‌സഭ 323 എംപിമാരുടെ പിന്തുണയോടെ ബില്‍ പാസ്സാക്കിയിരുന്നു. മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്തത്.
ഭരണഘടനയുടെ 124-ാം ഭേഗതഗതി ബില്‍ ആണിത്. നിലവില്‍ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഇതു മറികടക്കാന്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ലാണ് ഇരു സഭകളും പാസാക്കിയത്. ബ്രാഹ്മണര്‍, രജപുത്രര്‍, ജാട്ടുകള്‍, മറാത്ത, ഭൂമിഹാര്‍ തുടങ്ങി നിരവധി മേല്‍ജാതി വിഭാഗങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്ന ബില്ലാണിത്. മറ്റു മതവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഈ ബില്‍ ഗുണം ചെയ്യും.
ഡി.എം.കെ ഒഴികെ മറ്റു പാര്‍ട്ടികളെല്ലാം ബില്ലിനെ അനുകൂലിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. എല്ലാവരും സംവരണത്തിന് അമ്പതു ശതമാനം പരമാവധി എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും എന്നാല്‍, ഭരണഘടനയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അത് കോടതി വിധികളിലൂടെ വന്നിട്ടുള്ള കാര്യമാണ്. അമ്പതു ശതമാനം സംവരണ പരിധിയെന്നത് സുപ്രീംകോടതി നിശ്ചയിച്ചതാണ്. തങ്ങള്‍ ഈ ബില്ലിലൂടെ ചരിത്രം രചിക്കുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.
തൊഴില്ലായ്മയില്‍ കരയുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തിന്റേതെന്ന് സിബല്‍ പറഞ്ഞു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ബില്ലിന് പുറത്താണ്. ദളിത്, മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് തൊഴില്‍ തന്നെ ലഭിക്കാതിരിക്കുമ്പോള്‍ പിന്നെ എന്തു സംവരണം എന്നും അദ്ദേഹം ചോദിച്ചു. മോഡി സര്‍ക്കാരിന്റെ നോട്ടു നിരോധം പോലെ ഈ ബില്ലും വന്‍ പരാജയമായിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു വരുന്നതിനാല്‍ സ്വകാര്യമേഖലയിലും സംവരണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നു രാംവിലാസ് പസ്വാന്‍ പറഞ്ഞു. സാമ്പത്തിക സംവരണ ബില്ല് സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പു തന്ത്രം മാത്രമാണെന്ന് സി.പി.എം എം.പി എളമരം കരീം പറഞ്ഞു.
മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു എങ്കില്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ഈ ബില്ലുമായി വരില്ലായിരുന്നുവെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. മുത്തലാക്ക് ബില്ലും തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ബി.ജെ.പി പുറത്തിറക്കിയ ഒരു തന്ത്രം മാത്രമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് സാമ്പത്തിക സംവരണത്തെ പിന്തുണച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ് ബില്ലിനെ അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് സമയത്തും അവതരിപ്പിക്കാമായിരുന്ന ഈ ബില്ല് ഇപ്പോള്‍ അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നു് സമാജ് വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് കുറ്റപ്പെടുത്തി. ശരിയായ ഒരു കാര്യത്തെ തെറ്റാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ചെയ്യുന്നതെന്ന് ഡി.എം.കെ എം.പി കനിമൊഴി കുറ്റപ്പെടുത്തി. ഏകപക്ഷീയ കാര്യങ്ങള്‍ തീരുമാനിച്ച് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാമെന്നാണ് ഈ സര്‍ക്കാരിന്റെ ധാരണയെന്നും കനിമൊഴി പറഞ്ഞു. ഭരണഘടനയില്‍ ഒരിടത്തും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന രീതിയില്‍ ഒരു നിര്‍വചനം ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്തു ശേര്‍ റോയ് പറഞ്ഞു.