ബോളിവുഡ് സിനിമ അടക്കി വാഴുന്ന ഖാന്‍മാരില്‍ ഏറ്റവും വലിയ വിവാദങ്ങളുണ്ടാക്കിയ താരമാണ് സല്‍മാന്‍ ഖാന്‍. എല്ലാ കാലത്തും വിവാദ നായകനായിട്ടാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെട്ടിരുന്നത്. ചില കേസുകളില്‍ താരത്തിന് ജയിലില്‍ കഴിയേണ്ട അവസ്ഥയും വന്നിട്ടുണ്ട്. പ്രശസ്തിയിലെത്തിയപ്പോള്‍ മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നെന്നാണ് സല്‍മാന്റെ പിതാവ് സലീം ഖാന്‍ വ്യക്തമാക്കിയത്. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് സല്‍മാന്‍ സ്‌കൂള്‍ പരീക്ഷകള്‍ ജയിച്ചത് ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയാണെന്നാണ് സലീം ഖാന്‍ വെളിപ്പെടുത്തിയത്. കപില്‍ ശര്‍മ്മയുടെ ഷോ യിലൂടെയായിരുന്നു താരപിതാവിന്റെ വിവാദ വെളിപ്പെടുത്തല്‍. ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം അന്വേഷിച്ചതോടെയാണ് കാര്യങ്ങള്‍ എന്താണെന്ന് മനസിലായത്. എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്തിരുന്നത് ഈ ഗണേഷ് ആയിരുന്നെന്നാണ് സലീം ഖാന്‍ പറഞ്ഞത്. പിതാവിന്റെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് സല്‍മാന്‍ ഖാനും സമ്മതിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്റെ പിതാവ് എന്നതിനപ്പുറം എണ്‍പതുകളില്‍ ഒട്ടനവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ താരമായിരുന്നു സലീം ഖാന്‍.