വിവാദങ്ങൾക്കിടെ ദിലീപ് നായകനാവുന്ന ചിത്രത്തിൽ ഒപ്പം സിദ്ദീഖും. ഇരുവരും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ സംവിധാനം കെ.പി. വ്യാസനാണ്. ഒരു സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് മാർച്ചിൽ ആരംഭിക്കും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും, സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അവർ പറയുന്നു.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവമായിരുന്നു ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കെ. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബി. ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന നീതിയും അണിയറയിൽ ഒരുങ്ങുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ അറബികടലിലെ സിംഹം എന്നീ ചിത്രങ്ങളിൽ സിദ്ദിഖ് അഭിനയിക്കുന്നുണ്ട്.