രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ കഥ ഏതാണ്ട് ഒരേ സമയം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുകയാണ് ബോളിവുഡ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതം പരാമർശിക്കുന്ന 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പറയുന്ന 'പി.എം നരേന്ദ്ര മോഡി'യും ഒരുങ്ങുന്നു. മൻമോഹൻ സിംഗിന്റെ വേഷം ചെയ്യുന്നത് അനുപം ഖേറാണെങ്കിൽ, മോഡിയായി എത്തുന്നത് വിവേക് ഒബ്‌റോയ്. അതിനിടെ മൻമോഹൻ സിംഗിനെ പരിഹസിക്കുന്ന ചിത്രമാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നു പറഞ്ഞ് അനുപം ഖേറിനെതിരെ കേസും വന്നു.
അക്ഷയ് കുമാർ മോഡിയുടെ വേഷത്തിൽ അഭിനയിക്കുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ഒടുവിൽ വിവേക് ഒബ്‌റോയിക്കാണ് നറുക്ക് വീണത്. സൂപ്പർ ഹിറ്റായ മേരി കോം ഒരുക്കിയ ഒമംഗ് കുമാറാണ് 'പി.എം നരേന്ദ്ര മോഡി'യുടെയും സംവിധായകൻ.
മുൻ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും ജീവിതം അഭ്രപാളികളിലെത്തുന്നത് ലോകത്ത് ആദ്യമല്ല. പക്ഷെ ആദ്യമായിട്ടാവാം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ജീവിത കഥ സിനിമയാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു.
സന്ദീപ് സിംഗ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഗുജറാത്ത്, ദൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം.
മോഡിയുടെ പ്രതിഛായ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ചിത്രമെങ്കിലും, ധാരാളം വിമർശനങ്ങളുമുയരുന്നുണ്ട്. മോഡിയായി വിവേക് ഒബ്‌റോയിയെ തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ അധികം വിമർശനങ്ങളും.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ ഒരുക്കിയിരിക്കുന്നത്. മോഡിക്ക് ബൂസ്റ്റ് നൽകുന്നതാണ് 'പി.എം. നരേന്ദ്ര മോഡി'യെങ്കിൽ മൻമോഹൻ സിംഗിനെ കളിയാക്കാനാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നും വിമർശനമുണ്ട്. ബി.ജെ.പി അനുഭാവിയായ അനുപം ഖേറിനെ നായകനാക്കിയതുപോലും ഈ ലക്ഷ്യത്തോടെയാണെന്നാണ് വിമർശനം. രണ്ട് ചിത്രങ്ങളുടെയും പിന്നിൽ ബി.ജെ.പി അനുകൂലികളാണെന്നും ആക്ഷേപമുണ്ട്.
അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് അനുപം ഖേറിനും ചിത്രത്തിന്റെ അണിയറ ശിൽപികൾക്കുമെതിരെ കോടതിയെ സമീപിച്ചത്. ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകർക്കുന്നുവെന്നാണ് ബിഹാറിലെ മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നൽകിയ പരാതിയിൽ സുധീർ ആരോപിക്കുന്നത്. അനുപം ഖേറിനുപുറമെ സിനിമയുടെ സംവിധായകൻ, നിർമ്മാതാവ് എന്നിവരും കേസിലെ എതിർകക്ഷികളാണ്. പരാതി സ്വീകരിച്ച കോടതി വാദം കേൾക്കാൻ മാറ്റിവെച്ചു.
ചിത്രം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകർക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കൂടാതെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാധ്ര എന്നിവരെയും മോശക്കാരാക്കുന്നതാണ് സിനിമയെന്നും ഇത് ഇവരെ മാത്രമല്ല, മറ്റ് പലരേയും വേദനിപ്പിക്കുന്നതാണെന്നും സുധീർ പരാതിപ്പെടുന്നു. ചിത്രത്തിൽ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.