ചെന്നൈ: തമിഴ് സൂപ്പര്‍താരം വിശാല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വിശാലിന്റെ പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഢി മകന്‍ ഉടന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സ്ഥിരികരിച്ചുവെങ്കിലും വധു ആരാണെന്ന് പറഞ്ഞതുമില്ല. വിവാഹകാര്യത്തെ കുറിച്ച് വിശാല്‍ ഇതുവരെ പരസ്യപ്രതികരണത്തിനു മുതിര്‍ന്നുമില്ല. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വിശാലിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാര്‍.
വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്കു അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ വരലക്ഷ്മി പറഞ്ഞു.
വര്‍ഷങ്ങളോളം വിശാലുമായി ചേര്‍ത്തു ഗോസിപ്പു കോളങ്ങളില്‍ ഇടം നേടിയ താരമാണ് വരലക്ഷ്മി. വരലക്ഷ്മിയല്ലാതെ മറ്റൊരാളുമായി ചേര്‍ത്ത് വിവാഹ വാര്‍ത്ത പ്രചരിക്കുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തി. എന്നാല്‍ വരലക്ഷമിയും ഉടന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് വരലക്ഷ്മി തന്നെ രംഗത്തു വന്നു.
ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..' എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരിച്ചു.
സഹസംവിധായകനായി സിനിമയിലെത്തി നായകനും സൂപ്പര്‍ താരവുമായി വളര്‍ന്ന വിശാലും യുവനായികയും സൂപ്പര്‍താരം ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഏറെക്കാലം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചേരുവയായിരുന്നു. ഇരുവരും ഇതില്‍ വ്യക്തത വരുത്താതിരുന്നതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്.