ന്യൂദല്‍ഹി- ഭാരത് ബന്ദ് രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കര്‍ണാടകയിലും പശ്ചിമ ബംഗാളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിലും കൂച്ച് ബിഹാറിലും സമരാനുകൂലികള്‍ കല്ലെറിഞ്ഞു. കുട്ടികളടക്കമുളളവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. അക്രമത്തിന്റെ പശ്ചാതലത്തില്‍ ഹെല്‍മറ്റ് ധരിച്ച് ബസോടിക്കാന്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസം, ബംഗാളില്‍ ബന്ദ് ശക്തി പ്രാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 24 പര്‍ഗാനസ് ജില്ലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തി. തുടര്‍ന്ന്, സിയാല്‍ദ-ബോന്‍ഗാവ് പാതയില്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു.
ട്രെയിന്‍ തടയല്‍ സമരങ്ങള്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നുണ്ട്. സിപിഎം നേതാക്കള്‍ അടക്കമുളളവരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്.
രണ്ടാം ദിവസം, കര്‍ണാടകയില്‍ ബസ്സുകള്‍ നിരത്തിലിറങ്ങിയതോടെ വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാംഗ്ലൂരില്‍ സര്‍വ്വീസ് നടത്തിയ ബസ്സിനു നേരെ ബന്ദനുകൂലികള്‍ കല്ലെറിഞ്ഞു. നഗരത്തില്‍ മാത്രം പന്ത്രണ്ട് ബസ്സുകളാണ് അക്രമിക്കപ്പെട്ടത്.
കേരളത്തില്‍ ആദ്യദിനം കെ.എസ്.ആസ്.ആര്‍.ടിസി 5.4 കോടി രൂപയൂടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 4,504 ഷെഡ്യൂളുകള്‍ ആദ്യ ദിനത്തില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തലാക്കി.
സമരം മഹാരാഷ്ട്രയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ച് ബസ് തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ മുംബെയില്‍ അടക്കം പൊതുഗതാതഗതം താറുമാറായി.
ബാങ്കിംഗ് മേഖലയിലെ പണിമുടക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ശക്തമായി ബാധിച്ചു. വന്‍ നഗരങ്ങളിലടക്കം എ.ടി.എമ്മുകള്‍ കാലിയാണ്. വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് ബാങ്ക് ജോലിക്കാരാണ് രണ്ടാം ദിവസം സമരത്തിലണി നിരന്നത്. തിരുവനന്തപുരത്ത് എസ.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിനു നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. ബ്രാഞ്ച് മാനേജറെ കയ്യേറ്റം ചെയ്യുകയും ക്യാബിന്‍ തകര്‍ക്കുകയും ചെയ്തു.