അബുദാബി-മിഡില്‍ ഈസ്റ്റില്‍ ആദ്യത്തെ ഇലക്ട്രിക് ബസ് അബുദാബിയില്‍ നിരത്തിലിറങ്ങി. രണ്ടു വര്‍ഷത്തിനകം ക്ലീന്‍ എനര്‍ജി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.എ.ഇ തലസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുത പാസഞ്ചര്‍ ബസ് പുറത്തിറക്കിയത്.
ഗ്രീന്‍ എന്‍ര്‍ജി കമ്പനി മസ്ദര്‍, ടെക്‌നോളജി കമ്പനി സീമന്‍സ്, പ്രാദേശിക ബസ് നിര്‍മാതാക്കളായ ഹാഫിളാറ്റ്, യു.എ.ഇ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവ ചേര്‍ന്നാണ് ആദ്യത്തെ ആള്‍ ഇലക്ട്രിക് എക്കോ ബസ് വികസിപ്പിച്ചത്.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള മസ്ദര്‍ സ്വദേശത്തും വിദേശത്തുമായി പുനഃസംസ്‌കരണ ഊര്‍ജ പദ്ധതികളില്‍ ഇതുവരെ 850 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. 2021 ല്‍ 27 ശതമാനം ക്ലീന്‍ എനര്‍ജിയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇലക്ട്രിക്ക് ബസുകളിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
30 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ഇക്കോ ബസ്. 150 കി.മീ വരെ ബാറ്ററി ചാര്‍ജ് നിലനില്‍ക്കും. അനുബന്ധ സംവിധാനങ്ങള്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ഉഷ്ണം കണക്കിലെടുത്തുള്ളതാണ് ബസിന്റെ നിര്‍മാണം. മറീന മാള്‍ മുതതല്‍ മസദര്‍ സിറ്റി വരെ ആറു സ്റ്റോപ്പുകളുള്ള റൂട്ടിലാണ് തുടക്കത്തില്‍ സര്‍വീസ്. മാര്‍ച്ച് വരെ യാത്ര സൗജന്യമായിരിക്കും.
ഇലക്ട്രിക്ക് ബസുകള്‍ യു.എ.ഇ പൗരന്മാരുടേയും വിദേശികളുടേയും പൊതുഗതാഗതത്തിന്റെ ഭാഗമാക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് പുതിയ പരീക്ഷണം.