പൂനെയിലെ കഞ്ജര്‍ബത് സമുദായത്തില്‍ വീണ്ടും കന്യകാത്വ പരിശോധനാ വിവാദം. കഞ്ജര്‍ബത് സമുദായത്തിലെ അംഗങ്ങള്‍ നവവധുവിനെ നിര്‍ബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അടുത്തിടെ വിവാഹിതനായ ഒരു യുവാവിനോട് അവരുടെ വധു കന്യകയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമോ എന്ന് ജാഠ് പഞ്ചായത്ത് അംഗങ്ങള്‍ ചോദിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇതിന് 'അതെ' എന്ന് യുവാവ് മൂന്ന് തവണ ഉത്തരം പറയുകയും തുടര്‍ന്ന് വധുവും വരന്റെ ബന്ധുക്കളും പണം നല്‍കുകയും ചെയ്യുന്നു. സമുദായത്തിലെ പരമ്പരാഗതമായ ആചാരമായാണ് കഞ്ജര്‍ബത് സമുദായം ഇത് പിന്തുടരുന്നത്. മഹാരാഷ്ട്രയില്‍ പുനെ, ഔറംഗബാദ്, നാസിക് എന്നീ ജില്ലകളിലാണ് ഈ സമുദായക്കാരുള്ളത്. എന്നാല്‍ ഈ രീതിക്കെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് മഹാരാഷ്ട്ര 'അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി' ആവശ്യപ്പെട്ടിട്ടുണ്ട്. സമുദായത്തിലെ നവവധുവായ യുവതിയും സാമൂഹികപ്രവര്‍ത്തകരും ഇവരോടൊപ്പം ആവശ്യവുമായി രംഗത്തുണ്ട്. ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീല്‍, സാമൂഹികനീതി വകുപ്പ്മന്ത്രി രാജ്കുമാര്‍ ബഡോലെ എന്നിവരെ സമീപിച്ചാണ് ഇവര്‍ ആവശ്യമുന്നയിച്ചത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കന്യകാത്വ പരിശോധന നടത്താന്‍ വിസമ്മതിച്ചതിന് ദന്‍ദിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നും കഞ്ജര്‍ബത് സമുദായാംഗമായ യുവതിക്ക് വിലക്കേര്‍പ്പെടുത്തിയതും വിവാദമായിരുന്നു.