അഹമദാബാദ്- ഓടുന്ന ട്രെയ്‌നിലെ എസി കോച്ചിനുള്ളില്‍ വെടിയേറ്റു മരിച്ച ഗുജറാത്ത് മുന്‍ എംഎല്‍എയും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായിരുന്ന ജയന്തിലാല്‍ ഭാനുശാലിയുടെ കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ വൈരമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സയാജി എക്‌സ്പ്രസില്‍ അജ്ഞാത ആക്രമികള്‍ ഭാനുശാലിയെ വെടിവച്ചു കൊന്നത്. ഈ കൊലപാതകം പാര്‍ട്ടിലെ ഒരു എതിരാളിക്കു വേണ്ടി ചെയ്യപ്പെട്ടതാണ്. ഇതിനു പിന്നില്‍ മുന്‍ എംഎല്‍എ ഛാബില്‍ പട്ടേല്‍ ആണെന്നും ഭാനുശാലിയുടെ കുടുംബം ആരോപിച്ചു.
പാര്‍ട്ടി ഉപാധ്യക്ഷന സ്ഥാനം ഒഴിയേണ്ടി വന്ന ഭാനുശാലിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിലും പട്ടേല്‍ ആയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഈ ലൈംഗികാരോപണം പട്ടേല്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. പരാതിക്കാരി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ കേസ് ഗുജറാത്ത് ഹോക്കോടതി തള്ളിയിരുന്നു. 2014-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഛാബില്‍ പട്ടേല്‍ കഴിഞ്ഞ ദിവസം യുഎസിലേക്കു പോയത് ദുരൂഹമാണെന്നും ഭാനുശാലിയുടെ കുടുംബം ആരോപിച്ചു.
ഭാനുശാലിയുടെ കൊലപാതകികളെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Related Story