Sorry, you need to enable JavaScript to visit this website.

കാൻസറിന് കുരുക്കിടാൻ സോഹന്റെ യാത്ര 

കാൻസറിനെതിരായ പോരാട്ടം തുടരുന്ന സോഹൻ എന്ന യുവാവിന്റെ ജീവിതകഥ.

ബ്ലഡ് കാൻസർ ബാധിതയായ അമ്മായി മരിക്കുമ്പോൾ സോവൻ ഏഴാം ക്ലാസിലാണ്. അന്നു മുതൽ അവന്റെ ചിന്തകൾ കാൻസറിനെ കീഴടക്കാൻ വേണ്ടിയായിരുന്നു.  'അസുഖം ബാധിച്ച് വെറും മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ അമ്മായി വിടവാങ്ങി. ഈ രോഗം ഇത്രവേഗം ജീവനെ കാർന്നു തിന്നുന്നതെങ്ങനെയെന്ന് അന്നു മുതൽ അന്വേഷിക്കാൻ തുടങ്ങിയതാണ് ഞാൻ..' സോവൻ പറയുന്നു. മിഡ്‌നാപൂർ ടൗണിൽ നിന്നും ആറ് കിലോമീറ്റർ ഉള്ളിലുള്ള ഗ്രാമത്തിൽ നിന്ന് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലേക്ക് എത്താൻ ഒട്ടേറെ വഴികൾ പിന്നിടേണ്ടതുണ്ട്. പ്രത്യേകിച്ചും പണമോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഒരു കൃഷിക്കാരന്റെ മകന്.. 
ഗ്രാമത്തിൽ തന്നെയുള്ള സ്‌കൂളിൽ പോകുന്നതിനൊപ്പം അച്ഛനെ സഹായിക്കണമായിരുന്നു സോഹന്. മൂന്ന് പശുക്കളിൽ നിന്ന് കിട്ടുന്ന പാലിനു പുറമേ, ജോലി ചെയ്തിരുന്ന കശുവണ്ടി ഫാക്ടറിയിൽ നിന്നു കിട്ടുന്ന വരുമാനം ഉണ്ടായിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവന്റെ അച്ഛൻ പാടുപെട്ടു. കുടുംബം പോറ്റാനായി   സോവൻ കൽക്കത്തയിലെ ഒരു ആശുപത്രിയിൽ വാച്ച്മാനായി നേരത്തേ തന്നെ ജോലിക്ക് പോയി തുടങ്ങി.
'മാസം 4500 രൂപയായിരുന്നു ശമ്പളം', സോവൻ പറയുന്നു. 'രോഗികൾക്ക് പേപ്പറുകൾ ശരിയാക്കി അവരെ ശരിയായ വിഭാഗത്തിലേക്ക് പറഞ്ഞു വിടുകയായിരുന്നു എന്റെ ജോലി.' ജോലിക്ക് ശേഷം കോളേജ് സ്ട്രീറ്റിൽ നിന്ന് വാങ്ങുന്ന ഫിസിയോളജി പുസ്തകങ്ങൾ അവന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തി. ആശുപത്രിയിൽ തീപിടുത്തമുണ്ടായതോടെ അവിടത്തെ ജോലി നഷ്ടപ്പെട്ടു. പക്ഷേ ഉടനെ തന്നെ റ്റാറ്റ മെഡിക്കൽ സെന്ററിൽ ടെലഫോൺ ഓപ്പറേറ്ററായി ജോലി ശരിയായി. ഇരട്ടി ശമ്പളവും.

പുസ്തകങ്ങൾ വായിച്ച് ഇതിനകം തന്നെ സോവൻ വ്യത്യസ്ത തരം കാൻസറുകളെ കുറിച്ച് മനസിലാക്കിയിരുന്നു. ' വിവിധ തരം കാൻസറുകളെ കുറിച്ച് എനിക്കറിയാമായിരുന്നതു കൊണ്ട്  രോഗികൾക്ക് ഏതു ഡോക്ടറെയാണ് കാണേണ്ടതെന്നു മനസിലാക്കി അപ്പോയിൻമെന്റ് എടുത്തു കൊടുക്കാൻ എനിക്ക് സാധിച്ചിരുന്നു. ചികിൽസാ രീതികൾ എന്തൊക്കെയാണെന്ന് പ്രിസ്‌ക്രിപ്ഷനിൽ നിന്നും മനസിലാക്കാനും സാധിച്ചിരുന്നു. എന്റെ താൽപര്യം കണ്ട മുതിർന്ന മൈക്രോ ബയോളജിസ്റ്റ് ലാബിൽ പ്രവേശിക്കാൻ അനുമതി നൽകി. 'അദ്ദേഹവും അവിടെയുള്ള മറ്റൊരു ഡോക്ടറുമാണ് തുടർന്ന് പഠിക്കാനുള്ള പ്രോത്സാഹനം നൽകിയത്.' സോവൻ ഓർക്കുന്നു.

ഫിസിയോളജിയിൽ ബിരുദത്തിനായി സോവൻ അപേക്ഷിച്ചു. കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ മൂന്നു വർഷത്തിനുള്ളിൽ പ്ലസ് ടു പാസായവരെ മാത്രമേ ബിരുദത്തിന് പ്രവേശിപ്പിക്കുമായിരുന്നുള്ളൂ. അഡ്മിഷൻ ശരിയാകുമെന്ന പ്രതീക്ഷയിൽ പല കോളജുകളിലും കയറിയിറങ്ങി, ഡിപാർട്‌മെന്റ് മേധാവികളെ കണ്ടു. പക്ഷേ നിരാശയായിരുന്നു ഫലം. പുറമേ പരിഹാസങ്ങളും.  കാൺപുർ യൂണിവേഴ്‌സിറ്റിയിൽ ഈ നിബന്ധനയില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് അവിടേക്ക് അപേക്ഷ അയച്ചു. 
പിന്നീട് നടന്നതെല്ലാം യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ സോഹന് ഇപ്പോഴും ബുദ്ധിമുട്ടാണ്. 'വെറും 300 രൂപയും ഒന്നു രണ്ട് വസ്ത്രങ്ങളുമായാണ് ഹൗറ സ്‌റ്റേഷനിൽ നിന്ന് വണ്ടി കയറുന്നത്. നിശ്ചയദാർഢ്യം ഒന്നു മാത്രമായിരുന്നു മനസിൽ.'
കാൺപുർ യൂണിവേഴ്‌സിറ്റിയിൽ എത്തിയപ്പോൾ മൈക്രോ ബയോളജി കോഴ്‌സിനുള്ള അഡ്മിഷൻ ടെസ്റ്റ് കഴിഞ്ഞിരുന്നു. മാനേജ്‌മെൻറ് സീറ്റുകൾ മാത്രമായിരുന്നു ബാക്കി. 'എങ്ങനെ കയറിപ്പറ്റുമെന്ന് ഒരു രൂപവുമില്ലെങ്കിലും ഫോം വാങ്ങി കയ്യിൽ വച്ചു.' സോവൻ ഓർക്കുന്നു.

'അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു വിദ്യാർത്ഥി ഫോം പൂരിപ്പിക്കാൻ സഹായിച്ചു. അവന്റെ വീട്ടിൽ തങ്ങാനും ക്ഷണിച്ചു. അവന്റെ വീട്ടിൽ നിന്നാണ് അച്ഛനെ വിളിക്കുന്നത്. അച്ഛൻ, സമ്പാദ്യമെല്ലാം വിറ്റ് ഓട് മേഞ്ഞ ഒരു കുഞ്ഞു വീട് വാങ്ങാൻ പോകുകയാണ്. പക്ഷേ എന്റെ കാര്യം കേട്ടപ്പോൾ ആ പണം എനിക്ക് തരാൻ അദ്ദേഹം തീരുമാനിച്ചു.' 
അങ്ങനെ ലഭിച്ച 54000 രൂപ കൊണ്ടാണ് സോവൻ അഡ്മിഷൻ നേടുന്നത്. 'ആദ്യത്തെ ക്ലാസ് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഡോ. നിഗം ആയിരുന്നു ടീച്ചർ. അനാട്ടമി ക്ലാസ്. എല്ലാ ഉത്തരങ്ങളും എനിക്കറിയാം. താമസിയാതെ ഞാനദ്ദേഹത്തിന്റെ അരുമ ശിഷ്യനായി മാറി.' സോഹന്റെ ഓർമകളിൽ തിളക്കം. 

വൈകുന്നേരങ്ങളിൽ പിസേരിയയിലും ആശുപത്രിയിലും സോവൻ ജോലി ചെയ്തു. തന്റെ വീട്ടുടമസ്ഥന്റെ മകന് ട്യൂഷനെടുത്തു. രണ്ടാം വർഷം അമ്മ സ്വർണം പണയം വച്ച് ഫീസ് നൽകി. മൂന്നാം വർഷം അച്ഛൻ കിടപ്പിലായി. വീട്ടിൽ പ്രാരാബ്ധം കൂടി. ഇളയ അനുജനും പഠിക്കുന്നു. തന്റെ പഠിത്തം നിർത്തേണ്ടി വരുമെന്ന് സോവന് മനസിലായി. പക്ഷേ ബയോ ടെക്‌നോളജിയിൽ പഠിപ്പിക്കുന്ന അധ്യാപകൻ സോവന്റെ ഫീസ് അടക്കാൻ തയാറായി. പണം തരുമ്പോൾ അവർ പറഞ്ഞത് സോഹൻ ഓർക്കുന്നു. ' ഞാൻ ഈ പണം ഉപയോഗിച്ച് ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് നീ ഇതു കൊണ്ട് പഠിച്ച് കാൻസറിന് മരുന്ന് കണ്ടു പിടിക്കുന്നത്..'
ഐ ഐ ടി കാൺപൂരിൽ ഒരു പാർട് ടൈം ജോലി സോവൻ കണ്ടെത്തി. ഭക്ഷണം കഴിക്കാൻ പോലും പലപ്പോഴും പണമുണ്ടായിരുന്നില്ല. ബയോ ടെക്‌നോളജിയിൽ ഐഐടിയിൽ നടന്നിരുന്ന ക്ലാസുകളിലും സോവൻ ഇടക്ക് പങ്കെടുത്തു. 'എന്റെ ആടര കോഴ്‌സിൽ കാൻസർ റിസർച്ചിനു വേണ്ട പാഠഭാഗങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു. ഒരുപാട് കുട്ടികൾ ഉള്ള ക്ലാസിൽ ഏറ്റവും പുറകിലായി ഒരാൾ ഇരുന്നാൽ ആരറിയാനാണ്... ലാബ് ഉപയോഗിക്കാനും എനിക്ക് അനുവാദം ഉണ്ടായിരുന്നു.'

മൂന്നാം വർഷത്തിനൊടുവിൽ സോവൻ മാസ്‌റ്റേഴ്‌സ് പരീക്ഷയ്ക്ക് അപേക്ഷിച്ചു. ആനിമൽ ബയോടെക്‌നോളജിയിൽ നാലാം സ്ഥാനം ലഭിച്ചെങ്കിലും മെഡിക്കൽ ബയോ ടെക്‌നോളജിയോടായിരുന്നു പ്രിയം. അവന്റെ സ്വപ്‌നങ്ങൾക്കടുത്ത്‌നിന്ന വിഷയം അതായിരുന്നു. പക്ഷേ ഫീസ് ലക്ഷങ്ങൾ വേണ്ടിവരും.

ഏക ആശ്രയം ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാത്രമായിരുന്നു.  ബയോടെക്‌നോളജി വിഭാഗം നേരിട്ട് നടത്തിയിരുന്ന ഈ കോഴ്‌സ് വിദ്യാർത്ഥികൾക്ക് സൗജന്യമായിരുന്നു. ഏഴ് സീറ്റുകൾ ഉളളതിൽ ഒന്നാമനായി സോവൻ പ്രവേശനം നേടി. 

തിരഞ്ഞെടുത്ത വിഷയത്തിൽ റിസർച്ച് നടത്താൻ ഒരു ലാബ് ആവശ്യമായിരുന്നു. കാൻസർ സെല്ലുകളുടെ ദ്രുത വളർച്ചയെ കുറിച്ചും മൈഗ്രേഷനെ കുറിച്ചും അറിയാൻ. അമേരിക്കയിൽ നിന്നും ബ്ലഡ് കാൻസർ ഗവേഷണം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. സുഭ്രദീപ് കർമകറിന്റെ സഹായത്തോടെ റിസർച്ച് തുടങ്ങിയ സോവൻ, 2017 ജൂണിൽ പഠനം
അമേരിക്കയിൽ നിന്നും ബ്ലഡ് കാൻസർ ഗവേഷണം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. സുഭ്രദീപ് കർമകറിന്റെ സഹായത്തോടെ റിസർച്ച് തുടങ്ങിയ സോവൻ, 2017 ജൂണിൽ പഠനം പൂർത്തിയാക്കി. അതേ വർഷം സെപ്റ്റംബറിൽ ജപ്പാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫെലോഷിപ്പും സോവന് നേടാനായി. ഫെബ്രുവരി 2018 വരെ ജപ്പാൻ യമാഗുച്ചി യൂണിവേഴ്‌സിറ്റിയിലായിരുന്നു ജോലി. 

' ജപ്പാനിൽ വച്ച് ലാബിൽ നിന്ന് വേണ്ടത്ര ഫലം കിട്ടാതാകുമ്പോൾ ഞാൻ അസ്വസ്ഥനാകുമായിരുന്നു. ലാബിൽ നിന്ന് ഇറങ്ങി പോകുമ്പോൾ കാണുന്ന രോഗികളുടെ പ്രതീക്ഷയോടെ നോക്കുന്ന മുഖങ്ങൾ വീണ്ടും എന്നെ പരീക്ഷണമുറിയിൽ എത്തിക്കും. ' 
ഇന്ത്യയിൽ ഗവേഷണ ലാബ് തുടങ്ങി കാൻസർ നിർണയ ടെസ്റ്റുകൾ കൂടുതൽ പ്രാപ്യമാമാക്കുകയാണ് സോവന്റെ ലക്ഷ്യം.' അതിനു മുൻപ് എന്റെ അമ്മയുടെ ആഭരണങ്ങൾ പണയത്തിൽ നിന്നെടുക്കണം. ഗർഭപാത്രത്തിന് അസുഖമാണ് അമ്മയ്ക്ക്. ഓപറേഷൻ നടത്തണം.' സോവൻ പറയുന്നു. 

കഴിഞ്ഞ ഏപ്രിലിൽ വെസ്റ്റ് ബംഗാളിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ മെഡിക്കൽ ജീനോ മിക്‌സിൽ സീനിയർ റിസർച്ച് ഫെലോ ആയി ചേർന്നിരിക്കുകയാണ് സോവൻ. 'എന്റെ ജോലി തുടങ്ങിയിട്ടേയുള്ളൂ'.. സോവൻ പ്രതീക്ഷയിലാണ്.
 

Latest News