Sorry, you need to enable JavaScript to visit this website.

പാം ഓയിൽ ഇറക്കുമതി നികുതി ഇളവ്  നാളികേര കർഷകർക്ക് തിരിച്ചടിയായി


കൊച്ചി- കൊപ്രയുടെ താങ്ങ് വില ഉയർത്തിയ നേട്ടം ഉൽപാദകർക്ക് ലഭിക്കുംമുമ്പേ പാം ഓയിൽ ഇറക്കുമതിയുടെ നികുതി കുറച്ചത് നാളികേര കർഷകർക്ക് തിരിച്ചടിയായി. കൊപ്രയുടെ താങ്ങ് വില ഉയർത്തി ഒരാഴ്ച്ച പിന്നിടും മുമ്പേയാണ് വിപണിയിൽ വെളിച്ചെണ്ണയുടെ മുഖ്യ എതിരാളി പാം ഓയിൽ ഇറക്കുമതി കൂടുതൽ സുതാര്യമായത്. വ്യവസായികളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രം നടത്തിയ നീക്കം ദക്ഷിണേന്ത്യയിലെ ഒരു കോടിയിൽ അധികം വരുന്ന നാളികേര കർഷകരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേൽപ്പിച്ചത്. കൊപ്രയുടെ താങ്ങ് വില ക്വിന്റലിന് 7511 രൂപയിൽ നിന്ന് 9521 രൂപയായാണ് ഉയർത്തിയത്.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ്, റിഫൈൻഡ് പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടിയിലാണ് കേന്ദ്രം ഇളവ് വരുത്തിയത്. ക്രൂഡ് പാം ഓയിലിന് 44 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറച്ചിട്ടുണ്ട്. ശുദ്ധീകരിച്ച പാം ഓയിൽ ഡ്യുട്ടി 54 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി. അതേ സമയം മലേഷ്യയിൽ നിന്നുള്ള ശുദ്ധീകരിച്ച പാം ഓയിൽ ഇറക്കുമതി തീരുവ 54 ശതമാനത്തിൽനിന്ന് 45 ശതമാനമായി കുറയും.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തോത് ഉയരാനുള്ള സാധ്യതകൾ തെളിഞ്ഞു. രാജ്യത്ത് വിൽപ്പന നടക്കുന്ന ഭക്ഷ്യ എണ്ണകളിൽ എറ്റവും താഴ്ന്ന നിരക്കിൽ കൈമാറ്റം നടക്കുന്നത് പാം ഓയിലാണ്. അതിന്റെ വില വീണ്ടും കുറക്കുന്ന തീരുമാനം ഫലത്തിൽ തിരിച്ചടിയാവുന്നത് ആഭ്യന്തര നാളികേര കർഷകരെയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 16,100 ൽനിന്ന് 16,500 രൂപയായി. കൊപ്ര  വില 10,800 രൂപയിൽനിന്ന് 11,030 ലേക്ക് കയറിയ അവസരത്തിലാണ് ഇറക്കുമതി ഡ്യൂട്ടി കുറച്ച വിവരം പുറത്ത് വന്നത്. മാസാരംഭ വേളയായിരുന്നിട്ടും ഇത് മൂലം വെളിച്ചെണ്ണക്ക് തുടർന്ന് മുന്നേറാനായില്ല. 
ഏലക്ക പുതുവർഷത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഹൈറേഞ്ചിലെ ഉൽപാദകർ. 
കഴിഞ്ഞ വർഷം 25,000 ടൺ ഏലക്കയാണ് ഉൽപാദിപ്പിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം ഇക്കുറി ഉൽപാദനത്തിൽ മൂന്നിൽ ഒന്ന് കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തൽ, അടുത്ത ഏലക്ക സീസൺ ജൂണിലാണ്, പുതിയ ചരക്കിനായി അതുവരെ കാത്തിരിക്കണം. അതായത് ലഭ്യത വീണ്ടും കുറയുമെന്നാണ് വിപണിയിൽ നിന്നുള്ള വിവരം.
ഓഗസ്റ്റിലെ കനത്ത മഴ ഏലക്ക കൃഷിയെ കാര്യമായി ബാധിച്ചത് ഉൽപാദനം കുത്തനെ കുറയാൻ ഇടയാക്കി. ഇതിന് പുറമേ ചെടികളെ ബാധിച്ച കീടബാധകളും കർഷകരെ പ്രതിസന്ധിലാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ കിലോ 1234 രൂപയിൽ നീങ്ങിയ മികച്ചയിനം ഏലക്ക ഈ വർഷം ആദ്യ വാരം പിന്നിടുമ്പോൾ കിലോ 1663 രൂപയിലെത്തി. കാർഷിക മേഖലയിൽ സ്‌റ്റോക്ക് ചുരുങ്ങിയതിനാൽ ലേല കേന്ദ്രങ്ങളിൽ നിന്ന് ചരക്ക് സംഭരിക്കാൻ ഇടപാടുകർ മത്സരിക്കുകയാണ്. 
വിളവെടുപ്പ് അടുത്തതോടെ ആഭ്യന്തര വ്യാപാരികൾ കുരുമുളക് വിപണിയിൽനിന്ന് അൽപ്പം പിന്തിരിഞ്ഞു. വാങ്ങൽ താൽപര്യം വിപണിയുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാഞ്ഞത് ഉൽപന്ന വിലയെ ബാധിച്ചു. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാരും മുളകിൽ താൽപര്യം കാണിച്ചില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5800 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് മുളക് 38,600 രൂപയിൽനിന്ന് 38,200 രൂപയായി. 
യു.എസ്-യൂറോപ്യൻ ബയ്യർമാരും  രാജ്യാന്തര മാർക്കറ്റിൽ തിരിച്ച് എത്തിയെങ്കിലും പുതിയ കരാറുകൾക്ക് അവർ തിരക്കിട്ട നീക്കങ്ങൾ ഒന്നും നടത്തിയില്ല.   അവധി ദിനങ്ങൾക്ക് ശേഷം ബ്രസീലിൽ കുരുമുളക് വിളവെടുപ്പ് പുനരാരംഭിച്ചു. 
ചുക്ക് സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. വിപണിയിലേക്കുള്ള ചുക്ക് വരവ് കുറഞ്ഞുവെങ്കിലും നിരക്ക് ഉയർത്താൻ വാങ്ങലുകാർ തയ്യാറായില്ല. കയറ്റുമതി ഓർഡറുകളുടെ അഭാവവും വിലക്കയറ്റത്തിന് തടസമായി. മീഡിയം ചുക്ക് 19,500 ലും ബെസ്റ്റ് ചുക്ക് 20,500 രൂപയിലും ക്ലോസിങ് നടന്നു. 
രാജ്യാന്തര വിപണിയിൽ റബർ വില ഉയർന്നതിന്റെ ചുവട് പിടിച്ച് ആഭ്യന്തര മാർക്കറ്റിൽ ഷീറ്റ് വില കയറി. ടാപ്പിങ് സീസണായതിനാൽ കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ കൂടുതൽ ചരക്ക് വിൽപ്പനക്ക് എത്തുന്നുണ്ട്. ഇതിനിടയിൽ രാജ്യാന്തര റബർ അവധി വ്യാപാര കേന്ദ്രമായ ടോക്കോം എക്‌സ്‌ചേഞ്ചിൽ നിരക്ക് കിലോ 180 യെന്നായി ഉയർന്നത് ഇന്ത്യൻ മാർക്കറ്റിനെയും ചെറിയ അളവിൽ ചൂടുപിടിപ്പിച്ചു. 12,300 രൂപയിൽ ഇടപാടുകൾ പുനരാരംഭിച്ച ആർ എസ് എസ് നാലാം ഗ്രേഡ് റബർ വില വാരാവസാനം 12,500 ലേക്ക് കയറി. അഞ്ചാം ഗ്രേഡ് റബർ 12,200 രൂപയിലാണ്.  
സ്വർണവില വീണ്ടും വർധിച്ചു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 23,560 രൂപയിൽനിന്ന് 23,800 വരെ മുന്നേറിയ ശേഷം ശനിയാഴ്ച്ച  23,640 ലാണ്. ഒരു ഗ്രാമിന് വില 2955 രൂപ. ന്യൂയോർക്കിൽ സ്വർണം  ട്രോയ് ഔൺസിന് 1280 ഡോളറിൽനിന്ന് 1298 ഡോളർ വരെ കയറി. ട്രോയ് ഔൺസിന് 1300 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ആദ്യ ശ്രമം വിജയിച്ചില്ലെങ്കിലും ബുൾ ഇപാടുകാർ രംഗത്ത് സജീവമായി തുടരുന്നതിനാൽ മഞ്ഞ ലോഹം മികവ് നിലനിർത്താൻ ഇടയുണ്ട്. വാരാന്ത്യം നിരക്ക് 1285 ഡോളറിലാണ്.

 

Latest News