Sorry, you need to enable JavaScript to visit this website.

സിയാൽ സർക്കാരിന് ലാഭവിഹിതമായി 31 കോടി രൂപ നൽകി

സിയാലിന്റെ ലാഭവിഹിതമായ 31 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ നൽകുന്നു. 

കൊച്ചി - കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 2017-18 വർഷത്തെ ലാഭവിഹിതമായി സംസ്ഥാന സർക്കാരിന് 31 കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ലാഭ വിഹിതത്തിന്റെ ചെക്ക് കൈമാറി.
2017-18 സാമ്പത്തിക വർഷത്തിൽ 553.42 കോടി രൂപയുടെ വരുമാനം സിയാൽ നേടിയിരുന്നു; ലാഭം 158.42 കോടി രൂപയും. സിയാൽ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം 701.13 കോടി രൂപയുടെ വരുമാനവും 172.33 കോടിയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർക്ക് 2017-18 സാമ്പത്തിക വർഷത്തിൽ 25 ശതമാനമാണ് ലാഭവിഹിതം നൽകുന്നത്. കമ്പനിയിൽ 32.42 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് ഈയിനത്തിൽ 31 കോടി രൂപ ലഭിച്ചു. 2016-17 സാമ്പത്തിക വർഷവും 31 കോടി രൂപ സിയാൽ ലാഭവിഹിതമായി സർക്കാരിന് നൽകിയിരുന്നു. 2003-04 സാമ്പത്തിക വർഷം മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. നിലവിൽ നിക്ഷേപത്തിന്റെ 228 ശതമാനം ലാഭവിഹിതമായി കമ്പനി മടക്കി നൽകിക്കഴിഞ്ഞു. 2017-18 സാമ്പത്തിക വർഷത്തിൽ സിയാലിലൂടെ ഒരു കോടിയിലേറെ യാത്രക്കാർ കടന്നുപോയി. ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളമെന്ന മികവിന് ഐക്യരാഷ്ട്രസഭയുടെ  പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി 2018-ൽ സിയാൽ നേടിയിരുന്നു.
 ചടങ്ങിൽ സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ, മറ്റ് ഡയറക്ടർമാരായ എം.എ. യൂസഫ് അലി, എൻ.വി. ജോർജ്, കെ. റോയ്‌പോൾ, എ.കെ. രമണി, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.

 

 

Latest News