Sorry, you need to enable JavaScript to visit this website.

മേഘാലയയില്‍ മറ്റൊരു ഖനി തകര്‍ന്ന് രണ്ടു മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ എങ്ങുമെത്തിയില്ല

ഷില്ലോങ്- മേഘാലയയില്‍ അനധികൃത ഖനി തര്‍ന്ന് കാണാതായ 15 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ 25 ദിവസമായി തുടരുന്നതിനിടെ  സമീപ പ്രദേശത്ത് മറ്റൊരു അനധികൃത ഖനി തകര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹില്‍സിലെ മൂക്‌നോറിലെ ജലിയായിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയാണ് ഖനിയപകമുണ്ടാതെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ട ഒരു തൊഴിലാളിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടം നടന്നതായി അറിയുന്നത്. 26-കാരനായ എലാഡ് ബാറെയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു 'എലിത്തുള' കല്‍ക്കരി ഖനിയുടെ സമീപത്തു നിന്നും യുവാവിന്റെ മൃതദേഹം ലഭിച്ചു. ഇടുങ്ങിയ ഗുഹക്കുള്ളില്‍ പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് മറ്റൊരു മൃതദേഹം കൂടി ലഭിച്ചത്. മനോജ് ബസുമട്രിയാണ് ഇദ്ദേഹമെന്ന് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. കല്‍ക്കരി എടുക്കുന്നതിനിടെ ഉരുളന്‍കല്ലുകള്‍ അടര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മേഘാലയയില്‍ കുപ്രസിദ്ധമാണ് അപകടരമായ ഈ എലിത്തുള കല്‍ക്കരി ഖനനം. ഇത് അനധികൃതമായാണ് നടക്കുന്നത്. ഇടുങ്ങിയ മാളമുണ്ടാക്കി അതുവഴി ഖനനം നടത്തുന്ന രീതിയാണിത്. 

അതേസമയം സാന്‍ ഗ്രാമത്തിലെ അനധികൃത ഖനിക്കുളളില്‍ വെള്ളപ്പൊക്കമുണ്ടായി കാണാതായ 15 ഖനിത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം 25 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കിര്‍ലോസ്‌ക്കറിന്റേയും കോള്‍ ഇന്ത്യയുടേയും കൂറ്റന്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളംവറ്റിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ ഞായറാഴ്ച ഈ പമ്പുകള്‍ക്ക് സാങ്കേതിക തകരാറുണ്ടായതിനിടെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഒഡീഷയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ വെള്ളംവറ്റിക്കല്‍ യജ്ഞം തുടരുന്നുണ്ട്. 370 അടി ആഴമുള്ള കുഴിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിക്കാനുള്ള ശ്രമം ഒരാഴ്ച പിന്നിട്ടിട്ടും പുരോഗതി ഉണ്ടായിട്ടില്ല. ഖനിക്കുള്ളില്‍ അകപ്പെട്ടവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അനധികൃത എലിത്തുള കല്‍ക്കരി ഖനനം 2014-ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതാണ്. ഇതിനു മുമ്പ് ഇത്തരം ഖനികളില്‍ അകപ്പെട്ട ആയിരക്കണക്കിനാളുകളാണ് മേഘാലയയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
 

Latest News