Sorry, you need to enable JavaScript to visit this website.

സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെലങ്കാന ബി.ജെ.പി എം.എല്‍.എ; ഞെട്ടിക്കുന്ന കാരണം

ഹൈദരാബാദ്- അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനില്‍ (എ.ഐ.എം.ഐ.എം) നിന്നുള്ള പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എ രാജാ സിംഗ്. മജ്‌ലിസ് അംഗമായ മുംതാസ് അഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. വന്ദേ മാതരം പാടുകയോ ഭാരത് മാതാ കീ ജയ് വിളിക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് രാജാ സിംഗിന്റെ വാദം.  മുംതാസ് അഹമ്മദ് ഖാന്റെ പാര്‍ട്ടി ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും രാജാ സിംഗ് ആരോപിച്ചു.
തെലങ്കാന നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ചയാണ് പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
മുംതാസ് അഹമ്മദ് ഖാനെ പ്രോടെം സ്പീക്കറായി നിയോഗിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് രാജാ സിംഗ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനയച്ച വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. താന്‍ അസംബ്ലിയിലേക്ക് പോകുകയോ സത്യപ്രതിജ്ഞ ചെയ്യുകയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്താലും താന്‍ ചെയ്യില്ല. ഇതുസംബന്ധിച്ച നിയമോപദേശം തേടുമെന്നും രാജാ സിംഗ്  വ്യക്തമാക്കി. ഇതിനു മുമ്പും വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചുപറ്റിയ രാജാ സിംഗിനെതിരെ 43 കേസുകളുണ്ട്. ബി.ജെ.പി അംഗത്തിന്റെ  പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് എ.ഐ.എം.ഐ.എം വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News