Sorry, you need to enable JavaScript to visit this website.

ട്രംപിന് കനത്ത തിരിച്ചടി; മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനും പെന്റഗണ്‍ വിട്ടു

കെവിന്‍ സ്വീനെയ്

സിറിയന്‍ പിന്മാറ്റം ദഹിക്കാതെ ഉദ്യോഗസ്ഥര്‍
സഖ്യകക്ഷികളെ ശാന്തരാക്കാന്‍ വിദേശകാര്യ സെക്രട്ടറി മേഖലയിലേക്ക്


വാഷിംഗ്ടണ്‍- യു.എസ് പ്രതിരോധ വകുപ്പ് ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനെയ് രാജിവെച്ചു. സറിയയില്‍നിന്ന് യു.എസ്. സൈനികര്‍ പിന്‍മാറുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം സ്ഥാനമൊഴിയുന്ന മൂന്നാമത്തെ സീനിയര്‍ പെന്റഗണ്‍ ഉദ്യോഗസ്ഥാനാണ് കെവിന്‍ സ്വീനെയ്. പ്രതിരോധ സെക്രട്ടറി ജെയിസ് മാറ്റിസ് ഒരു മാസം മുമ്പാണ് രാജിവെച്ചത്. സ്വകാര്യമേഖലയിലേക്ക് മടങ്ങാന്‍ അനുയോജ്യമായ സമയമാണിതെന്ന് റിയര്‍ അഡ്മിറല്‍ സ്വീനെയ് പത്രക്കുറിപ്പില്‍ പറഞ്ഞു. 2017 ജനുവരിയില്‍ പെന്റഗണ്‍ ചീഫ് ഓഫ് സ്റ്റാഫായി അധികാരമേറ്റ കെവിന്‍ സ്വീനെയ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാണ് സ്ഥാനമൊഴിഞ്ഞിരിക്കുന്നത്.
സഹപ്രവര്‍ത്തകരോടൊപ്പം സേവനമര്‍പ്പിക്കാന്‍ സാധിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ച കെവിന്‍ സ്വീനെയ് രാജിക്കത്തില്‍ പ്രസിഡന്റ് ട്രംപിന്റെ പേര് പറഞ്ഞിട്ടില്ല. ഫെബ്രുവരി വരെ ചുമതലയില്‍ തുടരേണ്ടിയിരുന്ന ജനറല്‍ മാറ്റിസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാജി പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥര്‍ പെന്റഗണ്‍ വിട്ടൊഴിയുന്നത് സിറിയന്‍ സൈനിക പിന്മാറ്റവുമായി ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും സിറിയയില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ രാജിയോടെ സിറിയന്‍ പിന്മാറ്റം പ്രഖ്യാപിച്ച ശേഷം ട്രംപ് ഭരണകൂടത്തിന്റെ പ്രതിരോധ, വിദേശ നയങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം സങ്കീര്‍ണമാകുകയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സിറിയയില്‍നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം മധ്യപൗരസ്ത്യ മേഖലയിലും അനിശ്ചിതത്വത്തിനു കാരണമായിട്ടുണ്ട്. മേഖലയിലെ രാജ്യങ്ങള്‍ക്ക് ഉറപ്പു നല്‍കാനായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ചൊവ്വാഴ്ച പര്യടനം തുടങ്ങുകയാണ്.
മുന്‍വിദേശകാര്യ സെക്രട്ടറി ജനറല്‍ മാറ്റിസ് രാജിക്കത്തില്‍ ട്രംപിന്റെ നയങ്ങളിലുള്ള അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു. സഖ്യകക്ഷികളെ ആദരവോടെ കാണണമെന്ന് അദ്ദേഹം ട്രംപിനോട് തുറന്നടിച്ചിരുന്നു.
പ്രസിഡന്റിന്റെ അപ്രതീക്ഷിത സിറിയന്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രതിരോധ വകുപ്പ് വക്താവ് ഡാന വൈറ്റ്് സ്ഥാനമൊഴിഞ്ഞിരുന്നത്. ഐ.സിനെതിരായ ആഗോള പോരാട്ടത്തിനു നേതൃത്വം നല്‍കിയിരുന്ന പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ ബ്രറ്റ് മക്ഗര്‍ക്കും ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്.

 

Latest News