കൊൽക്കത്ത- പശ്ചിമബംഗാളിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയാകുന്നുവെങ്കിൽ അത് മമത ബാനർജിയായിരിക്കുമെന്ന് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. മമത ബാനർജി പ്രധാനമന്ത്രിയാകാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. പ്രസ്താവന ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചു. ബംഗാളിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്നതിനിടെയാണ് പ്രസ്താവന വന്നത്. മമത ബാനർജിയുടെ ആരോഗ്യത്തിനും വിജയത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും അവരുടെ വിജയത്തിലാണ് സംസ്ഥാനത്തിന്റെ വിധി നിർണയിക്കപ്പെടുന്നതെന്നും ഘോഷ് പറഞ്ഞു. നിലവിൽ ബംഗാളിൽനിന്ന് പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള ഒരാൾ മമത മാത്രമാണെന്നും നേരത്തെ സി.പി.എം നേതാവ് ജ്യോതി ബസുവിന് ഈ അവസരം വന്നിരുന്നുവെന്നും ഘോഷ് പറഞ്ഞു. ജ്യോതി ബസുവിലൂടെ ആ അവസരം വിനിയോഗിക്കാൻ സി.പി.എം അനുവദിക്കാത്തതിനാൽ പശ്ചിമബംഗാളിന് കഴിഞ്ഞില്ലെന്നും ഘോഷ് വ്യക്തമാക്കി.