ചെന്നൈ- ഇന്‍ഡിഗോ വിമാനം പറക്കുന്നതിനിടെ 'പൊട്ടിത്തെറി ശബ്ദത്തോടെ' എഞ്ചിന്‍ പ്രവര്‍ത്തനം നിന്നു. വ്യാഴാഴ്ച ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്കു പറന്ന എയര്‍ബസ് എ320 നിയോ വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെ എഞ്ചിന്‍ തകരാറിലാകുകയും ശക്തമായ വിറയല്‍ അനുഭവപ്പെടുകയും ചെയ്തതോടെ വിമാനം പാതിവഴിയില്‍ തിരിച്ച് ചെന്നൈയില്‍ തന്നെ ഇറക്കി. എഞ്ചിന്‍ ബ്ലേഡുകള്‍ തകര്‍ന്നതാണെന്ന് പിന്നീട് കണ്ടെത്തി. വിമാനം ഇപ്പോള്‍ കട്ടപ്പുറത്താണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന വിവരം പുറത്തു വിട്ടിട്ടില്ല.
പ്രാറ്റ് ആന്റ് വൈറ്റ്‌നി എഞ്ചിനാണ് ഈ വിമാനത്തിന്റേത്. സംഭവം വ്യോമയാന മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്. സാങ്കേതിക മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനം ചെന്നൈയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്നാണ് ഇന്‍ഡിഗോ ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. എന്നാല്‍ എഞ്ചിന്‍ പ്രവര്‍ത്തനം ആകാശത്തു വച്ച് നിലച്ചിരുന്നതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇത് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച ഇക്കാര്യം വീണ്ടും പുനപ്പരിശോധിക്കുമെന്നും വ്യോമയാന മന്ത്രാലയം സെക്രട്ടറി ആര്‍ എന്‍ ചൗബെ പറഞ്ഞു.
ആദ്യമായാണ് ഒരു എയര്‍ബസ് എ320നിയോ വിമാനത്തിന് ഒന്നിലേറെ തകരാറുകള്‍ ഒന്നിച്ചു സംഭവിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ശക്തിയേറിയ വിറയലും പുകയും വലിയ ശബ്ദവും ഇതോടൊപ്പം എന്‍ജിന്‍ നിലക്കുകയും ചെയ്തു. അതേസമയം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നിട്ടില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറഞ്ഞു. പൈലറ്റ് ആവശ്യപ്പെട്ടത് സാധാരണ നടപടിക്രമങ്ങളിലൂടെയുള്ള മുന്‍ഗണനാ ലാന്‍ഡിങ് ആണ്. എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചിരുന്നില്ലെന്നും പറഞ്ഞ അവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ്ബ്യൂറോ (എ.എ.ഐ.ബി) സംഘം ഉടനടി ചെന്നൈയിലെത്തി വിമാനം പരിശോധിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണം ഇവര്‍ നടത്തുമോ അതോ ഡി.ജി.സി.എ നടത്തുമോ എന്നതു സംബന്ധിച്ചു വ്യക്തതയില്ല. ഗുരുതര വിമാന അപകടങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എ.എ.ഐ.ബി.