ലഖ്നൗ: കൂട്ടത്തോടെ സമരം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർ. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 40 ലക്ഷം ജീവനക്കാരാണ് കേന്ദ്രസർക്കാർ നയത്തിനെതിരെ സമരത്തിനൊരുങ്ങുന്നത്. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ പെൻഷൻ പദ്ധതി തൊഴിലാളി വിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു.
"ഫെബ്രുവരി ആറിന് 40 ലക്ഷം ജീവനക്കാർ പണി മുടക്കുകയും സമരം തുടങ്ങുകയും ചെയ്യും പഴയ പെൻഷൻ പുനസ്ഥാപന സമിതി ഭാരവാഹി ഹരികിഷോർ തിവാരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുന്നതോടെ, സർക്കാർ, ജീവനക്കാരുടെ മാസ ശമ്പളത്തിൽ നിന്ന് പത്ത് ശതമാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെയാണ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സമരത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടി ഉണ്ട്. വിവിധ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും തങ്ങളെ പിന്തുണക്കുന്നു എന്ന് സമരസമിതി ഭാരവാഹികൾ അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ജനവിധി കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതിരുന്നാൽ ശക്തമായ തിരിച്ചടിയാകും പാർട്ടിയുടെ നിലവിലെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിൽ നിന്നും ബിജെപിക്ക് ലഭിക്കുക.
കഴിഞ്ഞ മാസം, കർണാടകയിലും പുതിയ പെൻഷൻ പദ്ധതിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ആയിരക്കണക്കിന് പേരാണ് ഇവിടെ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ അണി ചേർന്നത്. രാജ്യമൊട്ടുക്കും, വിവിധ ബാങ്കുകളുടെ ജീവനക്കാരും സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സമരരംഗത്താണ്.