ന്യൂദൽഹി- ഏറെ രാഷ്ട്രീയ നാടകങ്ങൾക്കിടയാക്കിയ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ അഹ്മദ് പട്ടേൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി അസാധുവാക്കണമെന്ന പട്ടേലിന്റെ ആവശ്യം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. വിചാരണ നടക്കട്ടേയെന്നാണ് ഹരജി മുന്നിലെത്തിയപ്പോൾ ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. എന്നാൽ പട്ടേലിന്റെ അപ്പീൽ ഫെബ്രുവരിയിൽ സുപ്രീം കോടതി പരിഗണിക്കും.
2017 ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പി സ്ഥാനാർഥി ബൽവന്ത് സിംഗ് രജ്പുത്താണ് അഹ്മദ് പട്ടേലിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ഹൈക്കോടതി വിചാരണ നടത്താൻ കഴിഞ്ഞ വർഷം ഒക്‌ടോബർ 26ന് ഉത്തരവിട്ടു. ഈ വിധി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് അഹ്മദ് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അങ്ങനെയൊരു ഉത്തരവ് നൽകാതെ അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു സുപ്രീം കോടതി. ഹൈക്കോടതിയോട് വിചാരണ നടത്തിക്കൊള്ളാൻ ആവശ്യപ്പെട്ടെങ്കിലും വിധി പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്ന് അഹ്മദ് പട്ടേലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു.
ജയിക്കാൻ വേണ്ട 45 വോട്ടുകൾ കഷ്ടിച്ച് നേടിയാണ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ അംഗമായി 2017ൽ രാജ്യസഭയിലെത്തുന്നത്. ബൽവന്ത് സിംഗിന് 44 വോട്ട് കിട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഏതാനും കോൺഗ്രസ് എം.എൽ.എമാർ കോൺഗ്രസ് വിട്ട് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് ബാക്കിയുള്ള കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലുള്ള പാർട്ടി നേതാവ് ഡി.കെ.ശിവകുമാറിന്റെ റിസോർട്ടിലേക്ക് മാറ്റിയതും ഏറെ ചർച്ച ചെയ്യപ്പെട്ടു.