ന്യൂദല്‍ഹി- ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ഹിന്ദു ജനതയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തതിനു തുല്യമാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ജനങ്ങളുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം തീര്‍ക്കുകയാണെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
സുപ്രീംകോടതിയുടെ നിര്‍ദേശത്തോട് പൂര്‍ണ യോജിപ്പാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍വിധിയാണ് കേരളത്തിലെ കുഴപ്പങ്ങള്‍ക്കു കാരണം. ഇടതുപക്ഷത്തിന്റെ മുന്‍വിധികളേക്കാള്‍ മുഖ്യമന്ത്രിയുടെ മുന്‍വിധിയാണ് സംസ്ഥാനത്തെ കുഴപ്പങ്ങള്‍ക്കു കാരണം. സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സംതൃപ്തനാണ് താന്‍. എന്നാല്‍ ക്രമസമാധാനപാലനം സംസ്ഥാന വിഷയമായതിനാല്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മുറിവേല്‍പ്പിക്കാതെ ഇത് എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് പരിശോധിക്കേണ്ടത്- മന്ത്രി പറഞ്ഞു.
അനന്ത്കുമാര്‍ ഹെഗ്‌ഡെ നേരത്തെയും പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബല്ലാരിയില്‍ മന്ത്രിക്കുനേരെ നടന്ന ദളിത് പ്രക്ഷോഭത്തെ അധിക്ഷേപിച്ച സംഭവം വിവാദമായിരുന്നു. പട്ടികള്‍ റോഡില്‍ കുരയ്ക്കുന്നെന്നായിരുന്നു മന്ത്രി ദളിത് പ്രതിഷേധത്തെ അധിക്ഷേപിച്ചത്.
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തെയും മന്ത്രി ആക്ഷേപിച്ചിരുന്നു. കാക്കകളും കുരങ്ങുകളും കുറക്കന്‍മാരും ഒന്നിക്കുന്നുവെന്നാണ് പ്രതിപക്ഷ ഐക്യത്തെ മന്ത്രി വിശേഷിപ്പിച്ചത്.