Sorry, you need to enable JavaScript to visit this website.

അതിവേഗ ട്രെയിൻ തേജസ് എക്‌സ്പ്രസ് കുതിച്ചു തുടങ്ങി

രാജ്യത്തെ ആദ്യ ഹൈസ്പീഡ് ട്രെയിൻ തേജസ് എക്‌സ്പ്രസ്.
ട്രെയിനിന്റെ ഉൾഭാഗം

മുംബൈ- മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വിമാനത്തിലേതിന് സമാനമായ ആഡംബരങ്ങളോടെ കുതിക്കുന്ന ഇന്ത്യയിലെ ആദ്യ ഹൈ സ്പീഡ് ട്രെയിൻ തേജസ് എക്‌സ്പ്രസ് സർവീസ് തുടങ്ങി. മുംബൈയിൽ നിന്ന് ഗോവയിലെ കർമാലിയിലേക്ക് സർവീസ് നടത്തുന്ന തേജസ് എക്‌സ്പ്രസിന് ഇന്നലെ രാവിലെ ഛത്രപതി ശിവജി ടെർമിനസിൽ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി കാണിച്ചു.
എട്ടര മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്ന് ഗോവയിലെത്തുന്ന തേജസ് എക്‌സ്പ്രസിൽ, ട്രെയിൻ യാത്ര ആസ്വാദ്യമാക്കുന്ന നിരവധി ആധുനിക സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 20 കോച്ചുകളുള്ള ട്രെയിനിൽ എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയർ ക്ലാസ് എന്നീ വിഭാഗങ്ങളുണ്ട്. എല്ലാ കോച്ചുകളും എ.സിയാണ്. ഓട്ടോമാറ്റിക് ഡോറുകളുമുണ്ട്. മികച്ച പുഷ്ബാക്ക് സീറ്റുകൾ, വൈഫൈ, എൽ.സി.ഡി സ്‌ക്രീനുകൾ, ചായയും കാപ്പിയും നൽകുന്ന വെൻഡിംഗ് മെഷീനുകൾ, സ്‌നാക് ടേബിളുകൾ തുടങ്ങിയവ ഓരോ കോച്ചിലുമുണ്ട്. പുറം കാഴ്ചകൾ ആസ്വദിക്കാവുന്ന വലിയ ചില്ലുജനലുകളാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സി.സി.ടി.വി നിരീക്ഷണമുണ്ടാവും. 
ബയോ വാക്വം ടോയ്‌ലറ്റുകളാണ് ഓരോ കോച്ചിലും ഘടിപ്പിച്ചിരിക്കുന്നത്. ടോയ്‌ലറ്റുകളിൽ ടച്ച്‌ലെസ് വാട്ടർ ടാപ്പുകൾ, ഹാൻഡ് ഡ്രയറുകൾ, വാട്ടർ ലെവൽ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചെന്നൈയിലെ ഇന്ത്യൻ കോച്ച് ഫാക്ടറിയിലാണ് തേജസ് എക്‌സ്പ്രസിന്റെ കോച്ചുകൾ നിർമിച്ചിരിക്കുന്നത്.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗം കൈവരിക്കൻ തേജസ് എക്‌സ്പ്രസിനാവും.
ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തേജസ് എക്‌സ്പ്രസിന്റെ സർവീസ്. രാവിലെ അഞ്ചിന് മുംബൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.30ന് കർമാലിയിൽ എത്തും. തിരിച്ച് 2.30ന് പുറപ്പെട്ട് അന്നു തന്നെ രാത്രി 11ന് മുംബൈയിൽ എത്തിച്ചേരും. മൺസൂൺ കാലത്ത് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. 
എക്‌സിക്യുട്ടീവ് ക്ലാസിൽ ഒരു ഭാഗത്തേക്കുള്ള യാത്രക്ക് ഭക്ഷണമടക്കം 2740 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണമില്ലാതെ 2585 രൂപയും. ഓർഡിനറി ചെയറിൽ ഇത് 1310 രൂപയും 1185 രൂപയുമാണ്.


 

Latest News