ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ സുരക്ഷിതരാണ് എന്ന ചിന്ത ഇനി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പതിവായി ശേഖരിക്കുന്നു എന്നതാണ് പുതിയ വിവരം. സ്വന്തമായി അക്കൗണ്ട് ഫേസ്ബുക്കില്‍ ഇല്ലായെങ്കില്‍ പോലും ഓരോരുത്തരുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വിവര ശേഖരണത്തിന് മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമാണ് ഫേസ്ബുക്ക് തേടുന്നത്. ഇതുമായ് ബന്ധപ്പെട്ട് പ്രൈവസി ഇന്റര്‍നാഷണല്‍ നടത്തിയ പഠനമാണ് ഫേസ്ബുക്ക് തന്ത്രങ്ങളെ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. പഠനത്തില്‍ 61 ശതമാനം ആപ്പുകളും ഇത്തരത്തില്‍ ഉപയോക്താവിന്റെ വിവരം ഫേസ്ബുക്കിന് കൈമാറുന്നുണ്ടെന്ന് കണ്ടെത്തി. അതിനായി ഫേസ്ബുക്കിന്റെ സോഫ്റ്റ്‌വെയര്‍ കിറ്റ് ഉപയോഗിക്കുന്നു. ഇത് വഴിയാണ് വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നത്. വളരെയധികം വിശദമായി വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ സെന്‍സിറ്റീവ് ആയ വിവരങ്ങളും അടങ്ങിയിരിക്കുന്നു. ഇങ്ങനെ വ്യത്യസ്തമായ ആപ്പുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി കൂട്ടിവായിച്ചാല്‍ ഒരു വ്യക്തിയുടെ സ്വഭാവം ഇഷ്ടം ദിനചര്യ എന്നിങ്ങനെയുള്ള വ്യക്തിപരമായ എല്ലാ കാര്യങ്ങളും തുറന്ന പുസ്തകം പോലെ മനസിലാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.