Sorry, you need to enable JavaScript to visit this website.

സിസേറിയിന് മുമ്പ് ലേബര്‍ റൂമില്‍  ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്ത് യുവതി 

ഇന്നത്തെ സ്ത്രീകള്‍ വളരെ ശക്തരും ആത്മവിശ്വാസമുള്ളവരും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നവരുമാണ്. ഇതിനുള്ള വ്യക്തമായ തെളിവാണ് ലുധിയാനയില്‍നിന്നുള്ള നൃത്തം ചെയ്യുന്ന യുവതി.  യുവതികള്‍ നൃത്തം ചെയ്യാറില്ലേ എന്നല്ലേ? തീര്‍ച്ചയായും. പക്ഷെ ഈ യുവതിയുടെ നൃത്തത്തിന് ചില പ്രത്യേകതകളുണ്ട്. സ്‌റ്റേജിലല്ല നൃത്തം നടക്കുന്നത്, കൂടാതെ, ഒരു സാധാരണ യുവതിയല്ല നൃത്തം ചെയ്യുന്നതും.
സിസേറിയന് നിമിഷങ്ങള്‍ക്ക് മുന്‍പ് ലേബര്‍ റൂമിലാണ് യുവതി നൃത്തം ചെയ്യുന്നത്. അതും സിസേറിയന്‍ ചെയ്യാനെത്തിയ വനിതാ ഡോക്ടര്‍ക്കൊപ്പം!! പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം.
ഓപ്പറേഷന്‍ തിയേറ്ററില്‍ ധരിക്കുന്ന വസ്ത്രം അണിഞ്ഞ് 'ദില്‍ ധടക്‌നെ ദോ' എന്ന ചിത്രത്തില്‍ സുനിതി ചൗഹാന്‍ പാടിയിരിക്കുന്ന 'ഗേള്‍സ് ലൈക്ക് റ്റു സ്വിംഗ്' എന്ന അടിപൊളി ഗാനത്തിനൊപ്പമാണ് യുവതി ചുവട് വെച്ചത്. യുവതിയ്‌ക്കൊപ്പം വനിതാ ഡോക്ടറും ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ വേദനയും ഉത്കണ്ഠയും മറന്ന് താനൊരു അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് യുവതിയുടെ മുഖത്ത് നിഴലിക്കുന്നത്. 
നൃത്തസംവിധായികയായ സംഗീത ശര്‍മ എന്ന യുവതിയാണ് കഥാപാത്രം.  
ഹര്‍ഷ് ഗോയങ്ക എന്നയാളുടെ ട്വീറ്റ് വഴിയാണ് സംഭവം  വ്യാപകമായി പ്രചരിക്കുന്നത്. ഡോക്ടറെ അഭിനന്ദിച്ച് ധാരാളം പേര്‍ രംഗത്തെത്തിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തിനും മനസിനും ഊര്‍ജ്ജം നല്‍കാനുള്ള വഴിയാണിതെന്നാണ് മിക്ക ആളുകളും പ്രതികരിക്കുന്നത്.

Latest News