Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ കൈവിട്ട് ദളിതുകൾ

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുണച്ച ദളിതുകൾ ബി.ജെ.പിയെ കൈവിടുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പുകളിൽ ദളിത് മേഖലകളിലും സംവരണ സീറ്റുകളിലും പാർട്ടി കനത്ത തിരിച്ചടി നേരിട്ടു എന്നാണ് ബി.ജെ.പി ദേശീയ സമിതിയുടെ വിലയിരുത്തൽ.
  
രണ്ട് വർഷമായി തുടരുന്ന ദളിത് പ്രക്ഷോഭങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ കനത്ത നഷ്ടമാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത്. 35 ദളിത് സീറ്റുകളിൽ 2013 ൽ പാർട്ടി 23 സീറ്റുകളിൽ വിജയിച്ചു. 2018 ൽ വെറും 18 സീറ്റുകളാണ് നേടാനായത്. രാജസ്ഥാനിൽ കഴിഞ്ഞ തെരഞ്ഞടുപ്പിൽ 12 സംവരണ സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചത്. 2013 ൽ 32 പട്ടിക ജാതി സംവരണ മണ്ഡലങ്ങളിലാണ് പാർട്ടി വെന്നിക്കൊടി പാറിച്ചു. ഛത്തീസ്ഗഢിൽ പാർട്ടിയുടെ സ്ഥിതി കുറച്ച് കൂടി പരുങ്ങലിലാണ്. 2013 ൽ ഒമ്പത് സംവരണ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടി 2018 ൽ ആകെ വിജയിച്ചത് രണ്ടു സീറ്റുകളിലാണ്. 

കാര്യങ്ങൾ ഇതുപോലെ തുടർന്നാൽ ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ദളിത്ആദിവാസി മേഖലകളിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ രാജ്യത്തെ ആകെ 131 ദളിത് ആദിവാസി സംവരണ സീറ്റുകളിൽ 67 എണ്ണവും ബിജെപി വിജയിച്ചിരുന്നു. 
പാർട്ടിയുടെ ദേശീയ സമിതിയുടെ വിലയിരുത്തൽ പ്രകാരം, മധ്യപ്രദേശിൽ പത്ത് സംവരണ സീറ്റുകളിൽ എട്ടെണ്ണത്തിലും ബി.ജെ.പി തോൽക്കും. ഛത്തീസ്ഗഢിലെ ആകെ അഞ്ച് സംവരണ സീറ്റുകളും ബി.ജെ.പിക്ക്് നഷ്ടപ്പെടും. 
ശക്തമായ എൻ.ഡി.എ വിരുദ്ധ വികാരമാണ് ദളിത് ആദിവാസി മേഖലകളിൽ നിലനിൽക്കുന്നതെന്നും ദളിത് പ്രശ്‌നങ്ങൾ ഉന്നയിച്ചുളള പ്രതിപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു. ദളിതുകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന് കഴിയുന്നില്ല എന്നാണ് വിലയിരുത്തൽ. പട്ടിക ജാതി പട്ടിക വർഗ നിയമങ്ങൾ ഭേദഗതി ചെയ്ത നടപടിയും തിരിച്ചടിയായി. പാർട്ടിക്ക് ശക്തരായ ദളിത് ആദിവാസി നേതാക്കൾ ഇല്ല എന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു.
സമീപകാലത്ത് നടന്ന ദളിത് വിരുദ്ധ നീക്കങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളും ഉത്തർപ്രദേശിലും തിരിച്ചടിയാവുമോ എന്ന ആശങ്ക പാർട്ടിക്കുളളിലുണ്ട്. 17 സംവരണ സീറ്റുകളാണ് യു.പിയിൽ ഉളളത്. ഇവ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അധികാരത്തിലെത്തുക എന്നത് ഒരു സ്വപ്‌നമായി അവശേഷിക്കും.
 

Latest News