ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീനാ ജോളി ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയാലും അത്ഭുതപ്പെടേണ്ട. രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും താരം സൂചന നല്‍കി. ബിബിസി റേഡിയോ 4 ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
ടൂഡേ എന്ന പരിപാടിയില്‍ അവതാരകന്‍ ജസ്റ്റിന്‍ വെബ്ബിന്റെ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് താരം അനുകൂലമായ മറുപടിയാണ് നല്‍കിയത്. 20 വര്‍ഷംമുമ്പാണ് ഈ ചോദ്യമെങ്കില്‍ ഒരു പക്ഷേ ചിരിച്ചു തള്ളുമായിരിക്കാം. എന്നാല്‍ എന്നെ ആവശ്യമുള്ളിടത്തെല്ലാം പോകും എന്നാണ് ഇപ്പോള്‍ എല്ലായ്‌പ്പോഴും പറയാറുള്ളതെന്നും രാഷ്ട്രീയത്തിന് ചേരുന്നയാളാണോ താന്‍ എന്നറിയില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. യുഎന്നിന്റെ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്നും താരം പറഞ്ഞു.
ഒരു പദവിയും ഇല്ലെങ്കിലും ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നും സര്‍ക്കാരുകള്‍ക്കൊപ്പവും സൈന്യത്തിനൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്നും താരം പറഞ്ഞു. കടുത്ത ഡെമോക്രാറ്റായ ജോളിയുടെ പേരും ഡെമോക്രാറ്റിക് മുന്നോട്ട് വെയ്ക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉണ്ടാകട്ടെ എന്നാശംസിച്ചപ്പോള്‍ താരം ചിരിച്ചു. ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം ആറു മക്കള്‍ക്കൊപ്പമാണ് ജോളി കഴിയുന്നത്.