ന്യൂദല്‍ഹി- ഈ ദശകത്തിലെ ഏറ്റവും തണുപ്പേറിയ പ്രഭാതത്തിലേക്കാണ് ദല്‍ഹി ശനിയാഴ്ച കണ്ണു തുറന്നത്. പുലര്‍ച്ചെ തലസ്ഥാന നഗത്തിലെ ഏറ്റവും കുറഞ്ഞ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ ശീതകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഏറ്റവും കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും ദൂരക്കാഴ്ച പരിധി 1500 മീറ്ററില്‍ താഴെയായി. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം മേഖലയില്‍ 800 മീറ്ററില്‍ താഴെയായിരുന്നു ദൂരക്കാഴ്ച പരിധി. അന്തരീക്ഷ മലിനീകരണ നിരക്ക് അതീവ ഗുരുതര പരിധിയും മറികടന്നിരിക്കുകയാണ്.
മൂടല്‍മഞ്ഞ് കാരണം ദല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
അതേസമയം ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഇന്നലെ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. ചണ്ഡീഗഡ് അഞ്ച് ഡിഗ്രി, അമൃത്സര്‍ പൂജ്യം ഡിഗ്രി, പത്താന്‍കോട്ട് രണ്ട് ഡിഗ്രി, കുളു ഒരു ഡിഗ്രി, ധരംശാല നാല് ഡിഗ്രി, ലഖ്‌നൗ ആറ് ഡിഗ്രി, ബറേലി മൂന്നു ഡിഗ്രി എന്നിങ്ങനെയായിരുന്നു മറ്റു നഗരങ്ങളിലെ താപനില.