ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ക്രൂരമായ ശിക്ഷാ നടപടികള്‍ക്കു വിധേയരാക്കിയ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ദല്‍ഹിയിലെ അഭയകേന്ദ്രത്തില്‍ വനിത കമ്മീഷന്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. ആറു വയസു മതല്‍ 15 വയസുവരെ പ്രായമുള്ള അന്തേവാസികളായ കുട്ടികള്‍ തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ക്രൂര പീഡനങ്ങളെക്കുറിച്ചു കമ്മീഷനോടു വിശദീകരിച്ചു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദ്വാരകയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് ഏറെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ തങ്ങളുടെ രഹസ്യഭാഗങ്ങളില്‍ മുളക് പൊടി തേക്കുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ചെറിയ തെറ്റുകള്‍ക്കാണ് ഇത്ര ക്രൂരവും കിരാതവുമായ ശിക്ഷാ രീതികള്‍ നല്‍കുന്നത്. മാത്രമല്ല കുട്ടികളെ നിര്‍ബന്ധിച്ചു മുളക് പൊടി തീറ്റിക്കാറുണ്ടെന്നും ഇവിടുത്തെ അന്തേവാസികള്‍ മൊഴി നല്‍കി.
പല സ്ഥാപനങ്ങളിലും ആവശ്യത്തിനു ജോലിക്കാരില്ല. അടുക്കളപ്പണി, വസ്ത്രം കഴുകല്‍, തുടങ്ങി എല്ലാ ജോലികളും ചെറിയ കുട്ടികളെ കൊണ്ട് ഭീഷണിപ്പെടുത്തിയാണ് ചെയ്യിക്കുന്നത്. ഒരിടത്ത് 22 പെണ്‍കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു പാചകക്കാരന്‍ മാത്രമാണുള്ളത്. ഭക്ഷണം ഒട്ടും തന്നെ ഗുണനിലവാരമുള്ളതല്ലെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അവധിക്കാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ പോകാന്‍ അനുവദിക്കില്ല. ജീവനക്കാരുടെ മുറികളും വസ്ത്രങ്ങളും കുട്ടികളെക്കൊണ്ടാണ് വൃത്തിയാക്കിപ്പിക്കുന്നത്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അഭയകേന്ദ്രങ്ങളില്‍ നേരിട്ടു പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണു പോലീസ് നടപടിയെടുത്തത്.