Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി ആരാകുമെന്നതല്ല, ഭരണഘടനയുടെ രക്ഷയാണ് പ്രധാനം- തേജസ്വി യാദവ്

പട്‌ന- ആരു പ്രധാനമന്ത്രിയാകുമെന്നതല്ല, ഭരണഘടയേയും ഭരണഘടനാ സ്ഥാപനങ്ങളേയും രക്ഷിക്കുകയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. മഹസഖ്യത്തിന്റെ ഭാഗമായ കക്ഷികൊളൊന്നും തന്നെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  
ബി.ജെ.പി നേതാക്കളുടെ ധാര്‍ഷ്ട്യത്തില്‍ എന്‍.ഡി.എ യിലെ സഖ്യകക്ഷികള്‍ അതൃപ്തരാണെന്നും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍ഡിഎ വിട്ടത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. അവര്‍ സഖ്യകക്ഷികളെ ബഹുമാനിക്കുന്നില്ല. എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ മുന്നണിയില്‍നിന്നു പുറത്തുപോകുകയാണെന്നും ബി.ജെ.പിയുമായി ബന്ധം ഉപേക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.  
ആരു പ്രധാനമന്ത്രിയാകും എന്നതു സംബന്ധിച്ചു മഹാസഖ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഒരു പാര്‍ട്ടിയും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും തേജസ്വി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍, വനിതകളുടെ സുരക്ഷ, യുവാക്കളുടെ തൊഴിലില്ലായ്മ എന്നിവയാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടക്കാനിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. സി.ബി.ഐ, ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്.
അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ അന്വേഷണ ഏജന്‍സികളെ വിട്ട് നിങ്ങളെ ജയിലിലടക്കും. സഹോദരന്‍ തേജ് പ്രതാപുമായുള്ള പ്രശ്നങ്ങള്‍ വീട്ടില്‍ പരിഹരിക്കുമെന്ന് തേജസ്വി ചോദ്യത്തിനു മറുപടി നല്‍കി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് പ്രതിപക്ഷ കക്ഷികളാരും തന്നെ സ്റ്റാലിന്റെ അഭിപ്രായത്തെ പിന്തുണച്ചിട്ടില്ല.
ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ ബി.ജെ.പിയുമായി അകന്നത്. 2014ല്‍ ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയില്‍ മത്സരിച്ച ആര്‍.എല്‍.എസ്.പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ സീറ്റ് കുറച്ചു. ഇതാണ് ആര്‍.എല്‍.എസ.്പിയെ ചൊടിപ്പിച്ചത്.

 

Latest News