ബറേലി- അനധികൃത വില്‍പ്പനക്കാരില്‍ പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ആയിരം ലീറ്ററോളം മദ്യം എലികള്‍ നശിപ്പിച്ചതെന്ന് പോലീസ്. ഉത്തര്‍ പ്രദേശിലെ ബറേലി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മാല്‍ഖാനയില്‍ നിന്ന് ചത്ത നായയുടെ ജഡം നീക്കം ചെയ്യാനായി തുറന്നപ്പോഴാണ് മദ്യം അപ്രത്യക്ഷമായതായി കണ്ടെത്തിയത്. നിരവധി ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ വറ്റിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത്രയും അളവിലുള്ള മദ്യം എലികള്‍ കുടിച്ചു തീര്‍ത്തതാണോ മോഷ്ടിക്കപ്പെട്ടതാണോ എന്നന്വേഷിച്ചു വരികയാണെന്ന് പോലീസ് സുപ്രണ്ട് അഭിനന്ദന്‍ സിങ് അറിയിച്ചു. മാല്‍ഖാന തുറന്ന സ്റ്റേഷന്‍ ഹെഡ്ക്ലര്‍ക്ക് ചില മദ്യ ബാരലുകള്‍ക്കു സമീപം എലികളെ കണ്ടിരുന്നു. ചില ബാരലുകള്‍ വറ്റിച്ചു തീര്‍ത്ത നിലയിലായിരുന്നു- അദ്ദേഹം പറഞ്ഞു.
വെള്ളം ലഭിക്കാത്ത സാഹചര്യങ്ങളില്‍ എലികള്‍ മദ്യം കുടിക്കാനിടയുണ്ടെന്നും എന്നാല്‍ പോലീസ് പറയുന്നതു പോലെ ആയിരം ലീറ്റര്‍ എലികള്‍ കുടിച്ചു തീര്‍ത്തുവെന്നത് അവിശ്വസനീയമാണെന്നും ബറേലി കോളെജിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസര്‍ പറഞ്ഞു. എലികള്‍ മദ്യം ഇഷ്ടപ്പെടുന്ന ജീവികളല്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നിരോധനം നിലവിലുളള ബിഹാറില്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന മദ്യം 'എലികള്‍ കുടിച്ചു തീര്‍ക്കുന്നതായുള്ള' വാര്‍ത്തകള്‍ പതിവാണ്. പോലീസ് പിടികൂടിയ ഒമ്പത് ലക്ഷം ലീറ്ററോളം മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് ബിഹാര്‍ പോലീസിന്റെ വാദം. ബിഹാറില്‍ പ്രളയമുണ്ടായതിനും എലികള്‍ക്കു പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ പോലീസ് കസ്്റ്റഡിയിലുള്ള മയക്കുമരുന്ന് എലികള്‍ തിന്നു നശിപ്പിച്ചതായി ജാര്‍ഖണ്ഡില്‍ നിന്നും റിപോര്‍ട്ടുണ്ടായിരുന്നു കറന്‍സികള്‍ എലികള്‍ നശിപ്പിച്ച വാര്‍ത്ത അസാമില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.