ന്യൂദല്‍ഹി- ഹിന്ദി ഹൃദയഭൂമിയിലെ വന്‍ തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ നിന്ന് വരാനിരിക്കുന്ന അപകടം മണത്തറിഞ്ഞ ബിജെപിയും കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പണി തുടങ്ങി. കര്‍ഷകരുടെ പ്രശ്നങ്ങളെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെന്ന് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി മൂന്നിന ഫോര്‍മുലക്ക് രൂപം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൃഷിമന്ത്രി രാധാ മോഹന്‍ സിങും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. കര്‍ഷകര്‍ക്ക് ആശ്വാസമായി മൂന്ന് വഴികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം കോടി രൂപയോളം ചെലവ് വരുന്ന വന്‍ കടാശ്വാസ പദ്ധതിയാണിത്. ഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്ക് നേരിട്ട് വായ്പ, കുറഞ്ഞ താങ്ങുവിലയില്‍ വിളകള്‍ വില്‍പ്പന നടത്തി നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് വിപണി വിലയില്‍ നഷ്ടപരിഹാരം, കടം എഴുതിത്തള്ളല്‍ എന്നിവയാണ് പരിഗണിക്കുന്നത്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തിയതിനു പുറമെ ഇവിടങ്ങളില്‍ അധികാരമേറ്റ് ആദ്യ മണിക്കൂറുകളില്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിച്ചത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ അടുത്തെത്തയിരിക്കെ അടിയന്തിരമായി എന്തെങ്കിലും ചെയ്ത് കര്‍ഷകരുടെ വിശ്വാസം വീണ്ടെടുക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.
എന്നാല്‍ വന്‍തുക ചെലവിട്ടുള്ള വായ്പ എഴുതിത്തള്ളല്‍ സര്‍ക്കാരിന് എളുപ്പമാകില്ല. ബജറ്റ് നീക്കിയിരുപ്പ് സംബന്ധിച്ച് ആശങ്കകളുണ്ട്. എന്നാല്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ സമയത്ത് വന്‍ കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അടുത്ത വര്‍ഷം ധനക്കമ്മി വിടവ് വര്‍ധിക്കാന്‍ ഇടവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍ഷകര്‍ക്ക് വേഗത്തില്‍ ആശ്വാസമെത്തിക്കുന്നതിന് ഉതകുന്ന ഓരു ലക്ഷം കോടി ചെലവുള്ള പദ്ധതി ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഒരേക്കറിന് 1700 രൂപ മുതല്‍ 2000 രൂപ വരെ എന്ന തോതില്‍ കര്‍ഷകര്‍ക്് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന പദ്ധതിയാണിത്. ഇതുവഴി വേഗത്തില്‍ കര്‍ഷക പ്രതിഷേധം അടക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍.
കുറഞ്ഞ താങ്ങുവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കര്‍ഷകരെ സഹായിക്കുന്ന നഷ്ടപരിഹാര പാക്കേജാണ് മറ്റൊന്ന്. ഇതിന് ചെലവ് കുറവാണെങ്കിലും ഇതിന്റെ ഫലം പ്രധാനമായും ഇടനിലക്കാര്‍ കൈക്കലാക്കാന്‍ ഇടയുണ്ടെന്നതും എല്ലാതരം വിളകളും ഇതിലുള്‍പ്പെടില്ല എന്നതും പോരായ്മകളാണ്.
മൂന്നാമത്തെ പദ്ധതി ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയെന്ന സാധ്യത കുറവുള്ള നീക്കമാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തുണ്ട്.
ഈ മൂന്ന് ഫോര്‍മുലകളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായി എവിടെ നിന്ന് പണം കണ്ടെത്തുമെന്നതു സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.