ഗുവാഹത്തി/ ന്യൂദല്‍ഹി- മേഘാലയയില്‍ ഈസ്റ്റ് ജയന്‍ഷ്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകാന്‍ നാവിക സേന 15 മുങ്ങല്‍ വിദഗ്ധരെ അയച്ചു. ഖനിയില്‍നിന്ന് വെള്ളം അടിച്ചു കളയുന്നതിന് 10 ഹെവി പമ്പുകള്‍ വഹിച്ച് നിരവധി ട്രക്കുകളില്‍ കയറ്റി ഈസ്റ്റ് ജയന്‍ഷ്യയിലെത്തിച്ചിട്ടുണ്ട്.
ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി രണ്ടാഴ്ച പിന്നിട്ടിരിക്കയാണ്. വെള്ളിയാഴ്ച രാവിലെയാണ് പത്ത് ഹൈപവര്‍ പമ്പുകളുമായി വ്യോമസേനയുടെ ചരക്കുവിമാനം ഗുവാഹത്തിയില്‍ ഇറങ്ങിയത്. ഇവിടെ നിന്ന് ട്രക്കുകളിലാണ് 220 കിലോ മീറ്റര്‍ അകലെയുള്ള ഖനിക്കു സമീപം എത്തിച്ചത്. നാവിക സേന മുങ്ങല്‍ വിദഗ്ധരെ വിശാഖ പട്ടണത്തുനിന്നും എത്തിച്ചു.
ദേശീയ ദുരന്തനിവാരണ സേനയെ സഹായിക്കുകയാണ് നാവികസേനയുടെ ലക്ഷ്യം. ഈമാസം 13 നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്.
ജോലിക്കിടെ എലിമടകള്‍ എന്നറിയപ്പെടുന്ന ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ നീക്കം. സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന ദൗത്യത്തില്‍ പങ്കാളിയാവുന്നത്.
ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ എത്തിക്കാനും രക്ഷാദൗത്യത്തിനായുള്ള കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുമാണ് വ്യോമസേനയുടെ വിമാനം ഉപയോഗിക്കുക. ഖനികളിലെ വെള്ളം വറ്റിച്ച് തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍, പൂര്‍ണമായും വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കയായിരുന്നു.
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഖനിയില്‍ 70 അടിയോളം ഉയരത്തില്‍ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വിഫലമാക്കിയത്. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ ദുര്‍ഗന്ധം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിന്റേതാണ് എന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതികരണം.
ഖനി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ നിഷേധിച്ചു. സര്‍ക്കാരിന്റെ അലസ സമീപനം കാരണമാണ് രണ്ടാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും മറ്റൊരു തലത്തില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദുരന്തങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോട്ടോക്ക് പോസ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
നദികളേയും ജലസ്രോതസ്സുകളേയും മലിനമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2014 ല്‍ മേഖാലയയില്‍ ഖനനം നിരോധിച്ചിരുന്നുവെങ്കിലും പ്രാദേശികമായും അനധികൃതമായും എലിമട ഖനികള്‍ തുടരുകയാണ്.