മോസ്‌കോ- ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത ലോക നേതാവായി റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുടിൻ. താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്ന് പുടിൻ മുൻപേ പറഞ്ഞിട്ടുണ്ടെങ്കിലും അത് അധികമാരും വിശ്വസിച്ചിരുന്നില്ല. എന്നാലിതാ സംഭവം സത്യമാണെന്ന വിശദീകരണവുമായി ക്രെംലിൻ വക്താവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രസിഡന്റ് ഇന്നുവരെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും വിവര ശേഖരണത്തിനും വിനിമയത്തിനുമായി മറ്റ് മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ദിമിത്രി പിസ്‌കോവ് വെളിപ്പെടുത്തി.
പത്രമാധ്യമങ്ങളും ടി.വിയും കംപ്യൂട്ടറും വിവരങ്ങൾ അറിയുന്നതിനായി പുടിൻ ഉപയോഗിക്കുന്നുണ്ട്. റഷ്യയെ പോലൊരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ശരിയാവില്ലെന്നാണ് പിസ്‌കോവ് പറയുന്നത്. മാത്രമല്ല, ഒന്നിലധികം ആളുകളോട് വിവരങ്ങൾ തേടിയ ശേഷം മാത്രമേ പ്രസിഡന്റ് ഒരു കാര്യം വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ദീർഘനാൾ സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷമാണ് പുടിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
തനിക്ക് സ്മാർട്ട് ഫോണിന്റെയോ എന്തിന് മൊബൈൽ ഫോണിന്റെയോ ആവശ്യമില്ലെന്നായിരുന്നു 2010 ൽ നൽകിയ ഒരു അഭിമുഖത്തിൽ പുടിൻ വെളിപ്പെടുത്തിയത്.
'അതിങ്ങനെ എപ്പോഴും ബെല്ലടിച്ചുകൊണ്ടേയിരിക്കും' എന്നായിരുന്നു അന്ന് പുടിൻ തമാശ രൂപേണ പറഞ്ഞത്. അദ്ദേഹത്തിന് സ്വന്തമായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനോട് ഒട്ടും താത്പര്യമില്ലെന്നും ക്രെംലിൻ വക്താവ് പറയുന്നു.