കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ഒരുപാട് വേദനിച്ചവരാണ് ടെക്‌സാസിലെ ഡാലസിലുള്ള നാദിയറോബി ഷെര്‍വിന്‍ ദമ്പതികള്‍. എന്നാല്‍, ആ ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ട് വര്‍ഷത്തിനിടെ അവര്‍ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങളാണ്.
നാദിയറോബി ഷെര്‍വിന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായിരുന്നു. എന്നിട്ടും കുട്ടികളുണ്ടാകാത്തതിനാലാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.
പരിശോധനയില്‍ നാദിയയ്ക്ക് അണ്ഡാശയത്തില്‍ മുപ്പത്തിയേഴോളം സിസ്റ്റുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതിനാലാണ് ഗര്‍ഭധാരണം നടക്കാത്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ, കുഞ്ഞുങ്ങള്‍ വേണമെന്ന രണ്ടുപേരുടെയും ആഗ്രഹം അതുപോലെ തന്നെ നിലനിന്നു. അതുകൊണ്ടുതന്നെ ചികിത്സ നിര്‍ത്താനും ഇരുവരും തയ്യാറായതുമില്ല. ഒരു വര്‍ഷം ചികിത്സ തുടര്‍ന്നു. പക്ഷെ, നിരാശയായിരുന്നു ഫലം.
പിന്നീടാണ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനുള്ള ചികിത്സ തുടങ്ങിയത്. അവരെത്തന്നെ ഞെട്ടിച്ചുകൊണ്ട് ചികിത്സ തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നാദിയ ഗര്‍ഭിണിയായി. ആദ്യത്തെ സ്‌കാനിങ്ങില്‍ തന്നെ ഇരട്ടക്കുട്ടികളാണെന്നും മനസിലായി. 2015 ജനുവരിയില്‍ അവര്‍ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജ•ം നല്‍കി.
ഒന്നര വര്‍ഷത്തിനുശേഷം ഇവര്‍ വീണ്ടും ഗര്‍ഭിണിയായി. സ്‌കാനിങ്ങിലൂടെ മൂന്ന് ഭ്രൂണങ്ങള്‍ നാദിയയുടെ വയറ്റില്‍ വളരുന്നുവെന്ന് കണ്ടെത്തി. ഗര്‍ഭമലസാനോ കുട്ടികള്‍ക്ക് അംഗവൈകല്ല്യമുണ്ടാകാനോ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ, എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് 2017ല്‍ നാദിയ ആരോഗ്യമുള്ള ഒരു ആണ്‍കുട്ടിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും ജ•ം നല്‍കി. 'ഡോക്ടര്‍മാര്‍ പറഞ്ഞത് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് തന്നെയാണ്. പക്ഷെ, പ്രതീക്ഷ കൈവിടാന്‍ ഞങ്ങളൊരുക്കമല്ലായിരുന്നു. ചികിത്സകള്‍ എത്ര വേണമെങ്കിലും നടത്താന്‍ തയ്യാറായി. ചികിത്സയും പ്രാര്‍ത്ഥനയും ഒരുമിച്ച് ഫലിച്ചു. അഞ്ച് കുട്ടികളുണ്ടെങ്കിലും ഇനിയും കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കാന്‍ സന്തോഷമേയുള്ളൂവെന്നാണ് നാദിയ പറയുന്നത്. ജനനസമയത്തെ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ കുഞ്ഞുങ്ങള്‍ എല്ലാവരും പൂര്‍ണ ആരോഗ്യമുള്ളവരാണ്.