മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തങ്ങിയ ഹോട്ടലില്‍ വച്ച് മോശം പെരുമാറ്റം ഉണ്ടായതായി കന്നഡ നടി അക്ഷത ശ്രീധര്‍ ശാസ്ത്രി. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി പരാതിയും നല്‍കി. ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന 'കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ 03' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടെ നടി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരില്‍ നിന്നുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഹോട്ടല്‍ മുറി വൃത്തിയാക്കാത്തതില്‍ നടി പ്രതികരിച്ചിരുന്നു. ഇതിനാലാണ് ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന് നടി പരാതിയില്‍ പറയുന്നു. മുറി വൃത്തിയാക്കാന്‍ നിങ്ങള്‍ രാജകുമാരിയല്ലല്ലോയെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ തന്നോട് ചോദിച്ചെന്നും ഇതുവരെ താമസിച്ചതിന്റെ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നെന്നും നടി പറഞ്ഞു. സംഭവത്തെക്കുറിച്ച അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു.
ഇതിന് പിന്നാലെ കേരളാ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാഞ്ഞതിനാലാണ് താന്‍ ബംഗളൂരുവിലേക്ക് മടങ്ങിയതെന്നും നടി പറഞ്ഞു. ത്രാതക, ഉദ്ദീശ്യ, രാജണ്ണ മേഘ, രാജീവ എന്നീ കന്നഡ സിനിമകളില്‍ അക്ഷത പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.