ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ബോളിവുഡ് താരമാണ് കങ്കണ റാവത്ത്. ഝാന്‍സി റാണിയുടെ കഥ പറയുന്ന ചിത്രമായ മണികര്‍ണിക പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മണികര്‍ണികയയ്ക്ക് ശേഷം കങ്കണയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിക്കുന്ന അരുണിമ സിന്‍ഹയുടെ ബയോപിക്കില്‍ നിന്ന് കങ്കണ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അംഗവൈകല്യത്തെ അതിജീവിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് അരുണിമ സിന്‍ഹ. ട്രയിനില്‍ സഞ്ചരിക്കവെ മോഷ്ടാക്കളുടെ ആക്രമണത്തിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു അരുണിമ. അപകടത്തില്‍ ഒരു കാല് മുറിച്ച് നീക്കേണ്ടി വന്നിട്ടും തളരാതെ കൃത്രിമക്കാലിന്റെ സഹായത്തോടെ എവറസ്റ്റ് കീഴടക്കാന്‍ പരിശീലിച്ചു.ആത്മവിശ്വാസത്തെയും സ്ഥിരോത്സാഹത്തെയും തളര്‍ത്താന്‍ ഒരു അംഗവൈകല്യത്തിനും കഴിയില്ലെന്നതിന്റെ തെളിവാണ് അരുണിമയുടെ ജീവിതം. ചിത്രത്തിന്റെ ബജറ്റിലുള്ള വിയോജിപ്പ് കാരണമാണ് പിന്‍മാറിയതെന്നാണ് സൂചന. 4കോടിയില്‍ നിന്ന് 11 കോടിയിലേക്ക് ഉയര്‍ത്തണമെന്ന് താരം ആവശ്യപ്പെട്ടുവെന്നാണ് വിവരം.