ലഖ്നൗ- രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യു.പിയിലെ പ്രമുഖ ഡോക്ടർ പിടിയിൽ. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ യുവതിയുടെ ഫെയ്സ്ബുക്ക് എക്കൗണ്ട് ഏഴു മാസത്തോളം ഡോക്ടർ സ്ഥിരമായി അപ്ഡേറ്റ് ചെയ്തിരുന്നു. യു.പിയിലെ ഗോരഖ്പുരിലെ അറിയപ്പെടുന്ന ഡോക്ടറായ ധർമേന്ദ്ര പ്രതാപ് സിംഗാണ് രാഖി ശ്രീവാസ്തവ എന്ന യുവതിയെ കൊലപ്പെടുത്തിയത്.
സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ:
2006-ലായിരുന്നു ഇരുവരും പരിചയത്തിലായത്. അഞ്ചുവർഷത്തിന് ശേഷം 2011-ൽ ഇരുവരും രഹസ്യമായി വിവാഹിതരാകുകയും ചെയ്തു. ഗോണ്ടയിലായിരുന്നു വിവാഹം. നേരത്തെ വിവാഹിതനായിരുന്ന ധർമേന്ദ്ര, രാഖിയുമായുള്ള വിവാഹം മറ്റാരെയും അറിയിച്ചിരുന്നില്ല. ഭർത്താവ് വിവാഹിതനായ വിവരമറിഞ്ഞ ധർമേന്ദ്രയുടെ ആദ്യ ഭാര്യ ഉഷ സിംഗ് ഇരുവരെയും വേർപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ ഇതിനിടെ രാഖി ബിഹാർ സ്വദേശി മനീഷ് സിൻഹയുമായി വിവാഹിതയായി. 2016 ഫെബ്രുവരിയിലായിരുന്നു ഇത്. തുടർന്നും ധർമേന്ദ്രയുമായി രാഖി ബന്ധം സൂക്ഷിച്ചിരുന്നു. ഷാപുരിലെ ധർമേന്ദ്രയുടെ വീട് തന്റെ പേരിലാക്കണമെന്ന് രാഖി നിർബന്ധിച്ചു. എന്നാൽ ഇതിന് ധർമേന്ദ്ര തയ്യാറായില്ല.
ഇക്കഴിഞ്ഞ ജൂണിൽ രാഖിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ സഹോദരൻ അമർ പ്രകാശ് പോലീസിൽ പരാതി നൽകി. ഭർത്താവ് മനീഷ് സിൻഹയെ പോലീസ് ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജൂൺ ഒന്നിന് മനീഷിനൊപ്പം രാഖി നേപ്പാളിലേക്ക് പോയിരുന്നതായി വിവരം ലഭിച്ചു. ഇതേ സമയത്ത് ധർമേന്ദ്രയും നേപ്പാളിലുണ്ടായിരുന്നു. ഇതിനിടെ പൊഖ്റയിൽനിന്ന് ലഭിച്ച മൃതദേഹം രാഖിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ധർമേന്ദ്ര നേപ്പാളിലെത്തിയ ഉടൻ മനീഷിനെ രാഖി നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. മനീഷ് നാട്ടിലേക്ക് മടങ്ങിയതോടെ ധർമേന്ദ്ര, തന്റെ സുഹൃത്തുക്കളായ പ്രമോദ് കുമാർ സിംഗ്, ദേശ് ദീപക് നിഷാദ് എന്നിവർക്കൊപ്പം ചേർന്ന് രാഖിയുമായി പുറത്തിറങ്ങി. രാഖിക്ക് ലഹരി കലർന്ന പാനീയം കുടിക്കാൻ നൽകി. പിന്നീട് പാറക്കെട്ടിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊല്ലുകയായിരുന്നു. രാഖിയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ സംഘം അവരുടെ എക്കൗണ്ട് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുകയായിരുന്നു. ഇതോടെ രാഖി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ബന്ധുക്കളുടെ വിചാരം. അസമിലെ ഗുവാഹത്തിയിൽനിന്ന് ധർമേന്ദ്രയുടെ സുഹൃത്താണ് രാഖിയുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്തിരുന്നത്. കസ്റ്റഡിയിലായ ധർമേന്ദ്ര കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞതായി പോലീസ് അറിയിച്ചു.