Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എട്ടു പുതിയ മന്ത്രിമാര്‍ കൂടി;  പുറത്തായ 'അതൃപ്തരില്‍' കണ്ണുംനട്ട് ബിജെപി

ബെംഗളുരു- കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എട്ടു കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പുതുതായി മന്ത്രിമാരായി ചുമതലയേറ്റു. സതീഷ് ജാര്‍ഖിഹോളി, റഹീം ഖാന്‍, ശിവള്ളി, എംടിബി നാഗരാജ്, തുകാറാം, എംബി പാട്ടീല്‍, പരമേശ്വര്‍ നായക്, ആര്‍.ബി തിമ്മപൂര്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍. ശനിയാഴ്ച വൈകുന്നേരം 5.20ന് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരഭരണ വകുപ്പ് മന്ത്രി രമേഷ് ജാര്‍ഖിഹോളി, വനംവകുപ്പ് മന്ത്രി ആര്‍ ശങ്കര്‍ എന്നീ രണ്ടു പേരെ മന്ത്രിസഭയില്‍ നിന്ന് മാറ്റുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ് ഭവന് സമീപം സംഘടിച്ച് മുദ്രാവാക്യം മുഴക്കി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആഭ്യന്തര, ഗതാഗതം വകുപ്പ് മന്ത്രിയായിരുന്നു റെഡ്ഡി. 

കോണ്‍ഗ്രസിന് 22 മന്ത്രിമാരാണ് സഖ്യധാരണ പ്രകാരം ഉള്ളത്. ഒഴിഞ്ഞ് കിടന്ന സീറ്റുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാ ജാതി, മത വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം ഉറപ്പാക്കാനുള്ള നീക്കമായും ഈ മന്ത്രി സഭാ പുനസ്സംഘടന വിലയിരുത്തപ്പെടുന്നു. ഇതിനു പുറമെ 19 എംഎല്‍എമാരെ വിവിധ കോര്‍പറേഷനുകളുടെ അധ്യക്ഷന്‍മാരായും ഒമ്പതു പേരെ പാര്‍ലമെന്ററി സെക്രട്ടറി പദവികളിലും നിയമിച്ചു. മന്ത്രിസഭയില്‍ ഒഴിഞ്ഞ് കിടക്കുന്ന ജെഡിഎസിന്റെ സീറ്റുകളില്‍ ആരെ നിയമിക്കണമെന്നത് പാര്‍ട്ടി മേധാവി എച് ഡി ദേവഗൗഡ തീരുമാനമെടുക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

അതിനിടെ മന്ത്രിസഭാ പുനസ്സംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളിലുണ്ടായ അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ ബിജെപി ശ്രമങ്ങളാരംഭിച്ചു. കോണ്‍ഗ്രസ് മന്ത്രി രമേഷ് ജാര്‍ഖിഹോളിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് സഖ്യസര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ്, ജെഡിഎസ് ക്യാമ്പുകളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തരായ കേണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുളള ശ്രമത്തിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷത്തിനു വേണ്ടി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കര്‍ണാടകയിലെ ബിജെപി. മേയില്‍ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്ന യെദ്യൂരപ്പ കോണ്‍ഗ്രസിലെ ജാര്‍ഖിഹോളി സഹോദരന്മാരില്‍ കണ്ണുംനട്ടിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. രമേഷ് ജാര്‍ഖിഹോളിയെ മാറ്റി പകരം സതീഷ് ജാര്‍ഖിഹോളിയെ കോണ്‍ഗ്രസ് ഇത്തവണ മന്ത്രിയാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് രമേഷ് ബിജെപി പാളയത്തിലെത്തുമെന്നാണ് യെദ്യൂരപ്പയുടെ പ്രതീക്ഷ.
 

Latest News