ഭോപ്പാൽ- 15 വർഷമായി ബിജെപി അധികാരത്തിലിരുന്ന മധ്യപ്രദേശിലെ പല ഉന്നത ഉദ്യോഗസ്ഥരും ആർഎസ്എസ് -ബിജെപി അനുകൂല മനോഭാവം വെച്ചുപുലർത്തുന്നവരാണ്. അധികാരമേറ്റതിന് പിന്നാലെ ഇത്തരം നേതാക്കളെ കണ്ടെത്തി കൂട്ടത്തോടെ സ്ഥലംമാറ്റുകയാണ് മുഖ്യമന്ത്രി കമൽനാഥ്.
ഇത്തരം ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥ തലപ്പത്ത് ഇരുന്നാൽ സുഖകരമായ ഭരണത്തിന് തടസ്സമായേക്കാം എന്നാണ് കമൽനാഥ് തിരിച്ചറിഞ്ഞത്. 48 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് കമൽനാഥ് സ്ഥലംമാറ്റിയത്. 24 ജില്ലാ കലക്ടർമാരും സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻമാരിൽ ഉൾപ്പെടുന്നു.
സമീപകാല ചരിത്രത്തിൽ മധ്യപ്രദേശിൽ ഇതാദ്യമായാണ് ഇത്ര വലിയ ഉദ്യോഗസ്ഥ സ്ഥലംമാറ്റം ഉണ്ടാവുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവിയോടെ വാണിജ്യ വകുപ്പുകളുൾപ്പെടേയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മനോജ് ശ്രീവാസ്തവയാണ് സ്ഥലം മാറ്റപ്പെട്ടവരിലെ ഏറ്റവും പ്രമുഖൻ. സാഞ്ചി സർവ്വകലാശാലയുടെ വൈസ് ചാൻസലറായാണ് ഇദ്ദേഹത്തെ നിയമിച്ചത്. പ്രൊഫഷണൽ എക്‌സാമിനേഷൻ ബോർഡിന്റെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി. ആർഎസ്എസുമായും ബിജെപിയുമായി വളരെ അടുത്ത് ബന്ധമുള്ള വ്യക്തിയാണ് മനോജ് ശ്രീവാസ്തവ. മനു ശ്രീവാസ്തവയ്ക്കാണ് വാണിജ്യ നികുതി വകുപ്പിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത്.
ഇൻഡോർ, ധർ, രത്‌ലം, കാട്‌നി, രേവ, സാഗർ ഉൾപ്പടേയുള്ള 24 ജില്ലകളിലെ കലക്ടർമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. രേവ കലക്ടറായിരുന്ന പ്രീതി മൈഥിലിയെ സാഗറിലേക്കാണ് മാറ്റിയിരിക്കുന്നത്. മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തട്ടകമായ ഷേഹോർ കലക്ടർ തരുൺ പിത്താഡിനെ ബേദുലിലേക്കാണ് സ്ഥലം മാറ്റിയത്. ശിവരാജ് സിങ് സർക്കാറിന്റെ കാലത്തെ പ്രിൻസിപ്പൽ സെക്രട്ടറി അശോക് ബർണാവൽ തന്നെയാണ് കമൽനാഥിന്റെയും പ്രിൻസിപ്പൽ സെക്രട്ടറി. ബിജെപി സർക്കാർ രൂപം കൊടുത്ത സന്തോഷ വകുപ്പ് കമൽനാഥ് റദ്ദാക്കിയിരുന്നു. ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് സന്തോഷ വകുപ്പ് പൂട്ടിക്കെട്ടുന്നതെന്ന് കമൽനാഥ് വ്യക്തമാക്കി.