അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചു കമല്‍ഹാസന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് മക്കല്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനായ കമല്‍ഹാസന്‍. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
സഖ്യത്തിനു നേതൃത്വം നല്‍കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തമിഴ്‌നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഇത് പുതിയ തുടക്കത്തിന്റെ അടയാളമാണെന്ന് പറഞ്ഞ് കമല്‍ ഹാസന്‍ രംഗത്തുവന്നിരുന്നു. ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.