Sorry, you need to enable JavaScript to visit this website.

അമേരിക്കയിൽ ഭരണപ്രതിസന്ധി;  സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്

ന്യൂയോർക്ക്- മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയാനുളള ബിൽ ഉപരിസഭയായ സെനറ്റിൽ പരാജയപ്പെട്ടതോടെ അമേരിക്കയിൽ ഭരണപ്രതിസന്ധി.  ആയിരം കോടി ഡോളറിലേറെ ചെലവഴിച്ച് മതിൽ പണിത് മെക്‌സിക്കൻ കുടിയേറ്റം തടയാനായിരുന്നു പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പദ്ധതി. എന്നാൽ മതിൽ നിർമാണത്തിന് അഞ്ച് ബില്ല്യൺ ഡോളർ ആവശ്യപ്പെട്ടുളള ബിൽ സെനറ്റിൽ പരാജയപ്പെട്ടു. പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ എതിർപ്പു മൂലമാണിത്. 
നൂറ് അംഗ സഭയായ സെനറ്റിൽ ഭരണകക്ഷിയായ റിപബ്ലിക്കൻ കക്ഷിക്ക് 51 അംഗങ്ങളുണ്ട്. ബിൽ പാസാവണമെങ്കിൽ അറുപത് അംഗങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ബിൽ നേരത്തെ ജനപ്രതിനിധി സഭയിൽ പാസ്സായിരുന്നു.
അതിനിടെ, പ്രതിസന്ധി ഉണ്ടായാൽ അതിന് കാരണക്കാർ ഡെമോക്രാറ്റുകൾ ആയിരിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാവുമെന്നും സർക്കാർ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടി വരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഭരണപ്രതിസന്ധി ഉണ്ടായാൽ അത് വിവിധ മേഖലകളിൽ ലക്ഷക്കണക്കിന് പേരെ ബാധിക്കും. ഗതാഗതം, ആഭ്യന്തര സുരക്ഷ തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് പേർക്ക് ശമ്പളം മുടങ്ങുമെന്നും സ്തംഭനം ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കുമെന്നും വിദഗ്ധർ പറയുന്നു.
അതിനിടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മെക്‌സിക്കൻ മതിലിന്റെ ബില്ല് പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അതിർത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. 
മതിലിന് പണം അനുവദിക്കുന്ന കാര്യത്തിൽ ധാരണയിലെത്താനും സെനറ്റിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കിൽ പൊതുഭരണത്തിനായി തുക ലഭിക്കാതെ വരും. എട്ട് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വരുമെന്നാണ് സെനറ്റ് അപ്രോപ്രിയേറ്റ് കമ്മിറ്റിയുടെ വിലയിരുത്തൽ. ആഭ്യന്തരസുരക്ഷാവിഭാഗം, ഗതാഗതം, കാർഷികം, നീതിന്യായവിഭാഗം എന്നിവയുടെ പ്രവർത്തനം നിലയ്ക്കും. ഏതാണ്ട് എട്ട് ലക്ഷം തൊഴിലാളികൾക്ക് ശന്പളം നഷ്ടമാവും. കൂടാതെ നാസ, പാർപ്പിടം, നഗരവികസനം, നാഷണൽ പർക്ക് സർവീസ്, ആഭ്യന്തര സുരക്ഷ, കൃഷി, നീതിന്യായം തുടങ്ങി വിവിധ മേഖലകൾ സ്തംഭിക്കും.

Latest News