ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ആറ് ഭീകരരെ സൈന്യം വധിച്ചു. അവന്തിപോറയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരില്‍ അല്‍ ഖാഇദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ് വത്തുല്‍ ഹിന്ദ് നേതാവ് സൊലിഹ മുഹമ്മദും ഉള്‍പ്പെടുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സംഘനയുടെ നേതാവ് സാക്കിര്‍ മൂസയുടെ അടുത്ത സഹായിയാണ് കൊല്ലപ്പെട്ടത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം അവാന്തിപോറ പ്രദേശത്തെ അരാംപോറ ഗ്രാമത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. സൈനികര്‍ക്കുനേരെ ഭീകരര്‍ നിറയൊഴിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശവാസികളും സൈനികരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.