- യോഗി സർക്കാരിനെ ന്യായീകരിച്ച് ബി.ജെ.പി എം.എൽ.എ
- 'സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത് രാഷ്ട്രീയപ്രേരിതം'
ലഖ്‌നൗ- ബുലന്ദ്ശഹറിൽ പോലീസ് ഓഫീസറടക്കം രണ്ട് പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പട്ട സംഭവത്തിന്റെ അന്വേഷണത്തിൽ ഉദാസീനത കാണിക്കുന്ന ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനം ശക്തി പ്രാപിക്കവേ, വിചിത്ര ന്യായീകരണവുമായി ബി.ജെ.പി എം.എൽ.എ രംഗത്ത്. രണ്ട് പേർ കൊല്ലപ്പെട്ടതു മാത്രമേ നിങ്ങൾ കാണുന്നുള്ളോ, 21 പശുക്കളെ കൊന്നത് ആരും കാണുന്നില്ലേ എന്നാണ് എം.എൽ.എ ആയ സഞ്ജയ് ശർമ ചോദിക്കുന്നത്.
നമ്മുടെ ഗോമാതാക്കളെ കൊലപ്പെടുത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതിഷേധിച്ച് രംഗത്തിറങ്ങിയതെന്നും, പശുക്കളെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ശർമ പറഞ്ഞു.
ബുലന്ദ്ശഹറിൽ നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചനായണെന്ന വിവരം പുറത്തു വരുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ ന്യായീകരണം. കലാപത്തിനിടെ പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ വെടിവെച്ചു കൊന്ന കേസിലെ പ്രധാന പ്രതികളെല്ലാം ബജ്‌രംഗ്ദൾ, ബി.ജെ.പി നേതാക്കളാണ്.
ബുലന്ദ്ശഹർ കലാപം വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ സന്തതിയാണെന്നും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വർഗീയ വിദ്വേഷം വളർത്തുന്നതിന്റെ ആചാര്യനായിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തെ 83 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ യു.പി സർക്കാരിന് കത്തയിച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി ശ്യാം ശരൺ, മുൻ വിദേകാര്യ ഓഫീസറും ദൽഹി ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന നജീബ് ജംഗ് തുടങ്ങിയ പ്രമുഖരാണ് കത്തെഴുതിയത്.
ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ധാർമികതയും മനുഷ്യത്വവും നശിപ്പിക്കപ്പെട്ട യു.പിയിൽ ഇപ്പോൾ സാർവത്രികമായിരിക്കുന്നത് തെമ്മാടിത്തവും കള്ളവും മാത്രമാണ്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ മാത്രമല്ല, നീതിമാന്മാരായ പോലീസ് ഓഫീസർമാരും ഭീഷണി നേരിടുകയാണെന്നും കത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ കത്തിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സഞ്ജയ് ശർമയുടെ അഭിപ്രായം. ഒരു തുറന്ന കത്തെഴുതുന്നതിനു മുമ്പ് സംഭവം നടന്ന സ്ഥലം സന്ദർശിച്ച് പ്രശ്‌നങ്ങളുണ്ടാകാനുള്ള കാരണം നേരിട്ട് അന്വേഷിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോൾ പുലർത്തുന്ന ആശങ്കകൾ ഉണ്ടാകില്ലായിരുന്നുവെന്നും ശർമ പറഞ്ഞു.